കളമശ്ശേരി: കൊച്ചി കുസാറ്റിലെ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. ഒരേസമയം കളമശ്ശേരി മെഡിക്കല്‍ കോളജിലും ജനറല്‍ ആശുപത്രിയിലുമാണ് പോസ്റ്റ്മോര്‍ട്ടം ക്രമീകരിച്ചിരിക്കുന്നത്. നടപടിക്രമങ്ങള്‍ വീഡിയോയില്‍ ചിത്രീകരിക്കും. പൊലീസ് ഫോറന്‍സിക് സര്‍ജനാണ് പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്.
പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ഒമ്പതു മണിയോടെ കുസാറ്റ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗില്‍ പൊതു ദര്‍ശനത്തിന് വെക്കും. സര്‍വ്വകലാശാലയുടെ സിണ്ടിക്കേറ്റ് സബ് കമ്മറ്റിയുടെ അന്വേഷണം വൈസ് ചാന്‍സലര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സയിലുള്ള വിദ്യാര്‍ത്ഥികളുടെ ചികിത്സാചെലവ് സര്‍വ്വകലാശാല വഹിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.
”ദുരന്തമുണ്ടായ സാഹചര്യം മന്ത്രി പി രാജീവിനൊപ്പം നേരിട്ടെത്തി വിലയിരുത്തി. കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തി മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും ബന്ധുമിത്രാദികളെ സമാശ്വസിപ്പിച്ചു. തുടര്‍ നടപടികളെക്കുറിച്ച് ധാരണയുണ്ടാക്കി. സര്‍വ്വകലാശാലയില്‍ നവംബര്‍ 24, 25,26 തീയതികളില്‍ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് വിഭാഗം നടത്തിയ ടെക്‌നിക്കല്‍ ഫെസ്റ്റില്‍ എക്‌സിബിഷന്‍, ടെക്‌നിക്കല്‍ ടോക്‌സ്, എക്‌സ്പേര്‍ട്ട് ലക്‌ചേഴ്‌സ് എന്നിവയാണ് നടന്നത്. സമീപ കോളജുകളിലെ വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്നതാണ് പരിപാടി.
ബോളിവുഡ് ഗായിക നികിത ഗാന്ധി നേതൃത്വം നല്‍കുന്ന സംഗീതനിശ തുടങ്ങുന്നതിന് മുമ്പുതന്നെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചിരുന്നു. വലിയ ഒരു വിഭാഗം വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും പരിപാടി കാണാന്‍ പുറത്തുമുണ്ടായി. പരിപാടി ആരംഭിക്കാറായപ്പോള്‍ എല്ലാവരും അകത്തേക്ക് കയറുവാന്‍ ശ്രമിച്ചതാണ് ദുരന്ത കാരണമായത്. മഴ ആരംഭിച്ചതോടെ അകത്തേക്കുണ്ടായ തള്ളിക്കയറ്റത്തില്‍ പടിയില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ വീണതിനു മീതെ മറ്റുള്ളവരും വീഴുന്ന ദുരവസ്ഥയുണ്ടായി. ഈ വീഴ്ചയിലാണ് ദുരന്തം സംഭവിച്ചത്”-മന്ത്രി അറിയിച്ചു.
മരിച്ചവരില്‍ മൂന്നു പേര്‍ കുസാറ്റ് വിദ്യാര്‍ത്ഥികളും ഒരാള്‍ പുറത്തുനിന്നുള്ള ആളുമാണ്. രണ്ടു വിദ്യാര്‍ത്ഥികള്‍ സ്വകാര്യ ആശുപത്രിയില്‍ തീപ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.