കുസാറ്റ് ദുരന്തം ; പ്രിന്‍സിപ്പലിനെയും അധ്യാപകരെയും പൊലീസ് പ്രതി ചേര്‍ത്തു

കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാമ്പസിലെ ഓഡിറ്റോറിയത്തില്‍ സംഗീതപരിപാടിക്ക് മുമ്പായുണ്ടായ അപകടത്തില്‍പ്പെട്ട് നാലുപേര്‍ മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും പൊലീസ് പ്രതി ചേര്‍ത്തു. ഡോ. ദീപക് കുമാര്‍ സാഹു അടക്കം മൂന്നു പേരെയാണ് പ്രതിചേര്‍ത്തത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

നവംബര്‍ 25നാണ് ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് കുസാറ്റിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നാല് പേര്‍ മരിച്ചത്. ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള ഫെസ്റ്റ് നടക്കാനിരിക്കെ മഴ പെയ്തതോടെ ആളുകള്‍ വേദിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടാകുകയുമായിരുന്നു. ശ്വാസം മുട്ടിയാണ് നാല് പേരും മരിച്ചതെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

സംഭവത്തിന് പിന്നാലെ ഡോ. ദീപക് കുമാര്‍ സാഹുവിനെ സ്ഥലം മാറ്റിയിരുന്നു. സര്‍വകലാശാല മൂന്നംഗ സിന്‍ഡിക്കേറ്റ് ഉപസമിതിയില്‍ നിന്നും പി കെ ബേബിയെയും മാറ്റി. ടെക് ഫെസ്റ്റിന്റെ നടത്തിപ്പ് ചുമതലയില്‍ വീഴ്ച വരുത്തിയ ആളാണ് പി കെ ബേബി എന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു നടപടി. ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികളുടെ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളടങ്ങിയ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച പറ്റി എന്ന ആരോപണമുയര്‍ന്നിരുന്നു.

Top