കസ്റ്റഡി മരണം: ആര്‍ടിഎഫുകാര്‍ക്കെതിരെ എങ്ങനെയാണ് കൊലക്കുറ്റം ചുമത്തിയതെന്ന് ഹൈക്കോടതി

varappuzha custody death,

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ ആര്‍ടിഎഫുകാര്‍ക്കെതിരെ എങ്ങനെയാണ് കൊലക്കുറ്റം ചുമത്തിയതെന്ന് ഹൈക്കോടതി. ആര്‍ടിഎഫ് പിടികൂടുമ്പോഴുള്ള മര്‍ദ്ദനത്തില്‍ മരിച്ചെന്നാണ് ഡോക്ടറുടെ മൊഴിയെന്ന് പ്രൊസിക്യൂഷന്‍. ആശുപത്രിയില്‍ കാണിച്ചപ്പോള്‍ ഗൗരവമുള്ള പരുക്കുള്ളതായി കണ്ടില്ലെയെന്ന് ഹൈക്കോടതി ചോദിച്ചു.

അതേസമയം മേലുദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശ്രീജിത്ത് ആരാണെന്നു പോലും അറിയില്ലായിരുന്നുവെന്നും വാസുദേവന്റെ വീടാക്രമിച്ച കേസിനെക്കുറിച്ചും അറിയില്ലായിരുന്നുവെന്നും ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

കേസില്‍ അറസ്റ്റിലായ മൂന്നു ആര്‍ ടി എഫ് കാരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. സന്തോഷ് കുമാര്‍, ജിതിന്‍ രാജ്, സുമേഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. മജിസ്‌ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റിവെച്ചു.

Top