കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒന്നാം പ്രതിയാണെന്നും പൊലീസിനുമേല്‍ മുഖ്യമന്ത്രിക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിന് തെളിവാണ് വരാപ്പുഴയില്‍ നടന്ന കസ്റ്റഡിമരണമെന്നും അദ്ദേഹം പറഞ്ഞു. പൊലീസിനെ നിയന്ത്രിക്കാന്‍ സാധിക്കാത്ത മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി. ജോര്‍ജിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും ചെന്നിത്തല കൊച്ചിയില്‍ നടത്തി വരുന്ന ഉപവാസ സമരത്തിനിടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തലയുടെ 24 മണിക്കൂര്‍ ഉപവാസം ഇന്ന് രാവിലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. എറണാകുളം മറൈന്‍ ഡ്രൈവിലാണ് ഉപവാസ സമരം. ശ്രീജിത്ത് കേസ് സിബിഐക്ക് വിടണമെന്ന് ഉമ്മന്‍ ചാണ്ടിയും ആവശ്യപ്പെട്ടിരുന്നു.