ശ്രീജിത്തിന്റെ കസ്റ്റഡി മരണം; വരാപ്പുഴ എസ്‌ഐ ദീപക് അറസ്റ്റില്‍

Sreejith-

വരാപ്പുഴ: പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് എന്ന യുവാവ് മരിച്ച സംഭവത്തില്‍ വരാപ്പുഴ എസ്‌ഐ ദീപക് അറസ്റ്റില്‍.
ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ദീപകിനെ അറസ്റ്റു ചെയ്തത്.കേസില്‍ ദീപക് നാലാം പ്രതിയാണ്. കേസില്‍ ഐ.ജി എസ്. ശ്രീജിത്ത് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരാണ് ദീപക്കിനെ ചോദ്യം ചെയ്തത്. ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തിയാണു അറസ്റ്റു ചെയ്തത്.

എട്ടുമണിക്കൂര്‍ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ്. ശ്രീജിത്തിനെ പിടികൂടിയ അന്നു രാത്രി ഒന്നരയ്ക്ക്,അവധിയിലുണ്ടായിരുന്ന എസ്‌ഐ ദീപക് സ്റ്റേഷനിലെത്തിയിരുന്നെന്ന് ഐജി ശ്രീജിത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. രാവിലെ ഏഴിനു മാത്രമാണ് ഡ്യൂട്ടിയിലെത്തിയതെന്ന എസ്‌ഐയുടെ വാദത്തെ തള്ളുന്നതായിരുന്നു റിപ്പോര്‍ട്ട്.

കേസില്‍ നേരത്തെ അറസ്റ്റ് ചെയ്ത കളമശേരി എ.ആര്‍ ക്യാംപിലെ പൊലീസുകാരായ ജിതിന്‍രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നിവര്‍ റിമാന്‍ഡിലാണ്.ആലുവ റൂറല്‍ എസ്.പിയുടെ പ്രത്യേക സ്‌ക്വാഡായ റൂറല്‍ ടൈഗര്‍ ഫോഴ്സിലെ അംഗങ്ങളാണ് മൂവരും. അതേസമയം, ശ്രീജിത്തിനെ മര്‍ദ്ദിച്ചിരുന്നില്ലെന്നും തങ്ങളെ ബലിയാടാക്കിയതാണെന്നും ആരോപിച്ച്, ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരുന്നു

ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മറ്റു പ്രതികള്‍ എസ്‌ഐ ദീപകിനെതിരെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. സ്റ്റേഷനില്‍വച്ച് എസ്‌ഐ ദീപക് ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും ശ്രീജിത്തിന്റെ വയറ്റില്‍ ചവിട്ടിയിരുന്നുവെന്നുമാണ് മറ്റു കൂട്ടു പ്രതികള്‍ അന്വേഷണസംഘത്തിനു മൊഴി നല്‍കിയത്. അതേസമയം എസ്‌ഐ ദീപകിനെതിരെ ശ്രീജിത്തിന്റെ വീട്ടുകാരും പരാതി നല്‍കിയിരുന്നു.

പൊലീസിന്റെ ക്രൂരമര്‍ദ്ദനമാണ് ശ്രീജിത്തിന്റെ മരണത്തിന് ഇടയാക്കിയതെന്നും അടിവയറ്റിനേറ്റ ഒറ്റക്ഷതമാണ് മരണത്തിന് കാരണമായതെന്നും മെഡിക്കല്‍ ബോര്‍ഡും അന്വേഷണസംഘത്തിനു മുമ്പാകെ വ്യക്തമാക്കിയിരുന്നു.

വരാപ്പുഴയിലെ വാസുദേവന്‍ ജീവനൊടുക്കിയ സംഭവത്തിലാണ് ശ്രീജിത്തടക്കം പത്തുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത് മൂന്നാമത്തെ ദിവസമാണ് ശ്രീജിത്ത് ആശുപത്രിയില്‍ നിന്നും മരിക്കുന്നത്.

Top