കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് എന്ന യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ മുഖം രക്ഷിക്കാന്‍ സി.പി.എം. വിശദീകരണത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിങ്കളാഴ്ച വരാപ്പുഴയില്‍ എത്തും.
സംഭവത്തില്‍ തുടക്കം മുതല്‍ പ്രതിരോധത്തിലായിരുന്നു സി.പി.എം. ശ്രീജിത്തിന്റെ വീട് മറ്റെല്ലാ രാഷ്ട്രീയനേതാക്കളും സന്ദര്‍ശിച്ചിട്ടും സി.പി.എം. നേതാക്കള്‍ എത്തിയിരുന്നില്ല. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് പറവൂരിലേക്ക് യാത്രചെയ്തിട്ടും ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തതും വിവാദമായതിനിടെയാണ് ഇത്തരമൊരു വിശദീകരണത്തിന് സിപിഎം തയാറെടുക്കുന്നത്.
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പ്രമാണിച്ചുള്ള രാഷ്ട്രീയ വിശദീകരണയോഗമാണ് വരാപ്പുഴയിലേതെന്ന് സി.പി.എം. ജില്ലാസെക്രട്ടറി പി. രാജീവ് പറഞ്ഞു. എന്നാല്‍, ‘സ്വാഭാവികമായും വരാപ്പുഴ സംഭവവും വിഷയമാകും. പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരേയാണ് ചിലര്‍ രംഗത്തുവന്നിരിക്കുന്നത്. ഇക്കാര്യങ്ങള്‍ യോഗത്തില്‍ വിശദീകരിക്കുമെന്നും രാജീവ് പറഞ്ഞു.
ശ്രീജിത്തിന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ശ്രീജിത്തിന്റെ ഭാര്യക്ക് സ്ഥിരവരുമാനത്തിന് സംവിധാനം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇനി പ്രതിരോധത്തില്‍ നില്‍ക്കേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചതെന്നാണ് സൂചന.