രാജ് കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചിരുന്നുവെന്ന് പ്രതികളുടെ കുറ്റസമ്മത മൊഴി

ഇടുക്കി: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ഹരിത ഫിനാന്‍സിയേഴ്സ് സാമ്പത്തിക തട്ടിപ്പു കേസ് പ്രതി രാജ് കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചിരുന്നുവെന്ന് രണ്ടും മൂന്നും പ്രതികളുടെ കുറ്റസമ്മത മൊഴി. പോലീസുകാരായ റെജിമോനും നിയാസുമാണ് മൊഴി നല്‍കിയത്. ഇവരുടെ കുറ്റസമ്മത മൊഴിയുടെ വിവരങ്ങള്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തു.

രാജ് കുമാറിനെ സ്റ്റേഷന്റെ രണ്ടാം നിലയിലിട്ടാണ് മര്‍ദ്ദിച്ചെതെന്നും കൈകള്‍ പുറകില്‍ കെട്ടിയിട്ട ശേഷമാണ് മര്‍ദ്ദിച്ചതെന്നുമാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്.

അതേസമയം കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. കേസ് അന്വേഷിക്കുന്ന ഏഴംഗ ക്രൈംബ്രാഞ്ച് സംഘത്തിന്റെയും നടപടി നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥരുടേയും ഫോണ്‍ വിളി വിശദാംശങ്ങള്‍ ചോര്‍ത്തുന്നതായാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.

ഇടുക്കി മുന്‍ എസ്പിയുടെ നിര്‍ദേശ പ്രകാരം ഇടുക്കി സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥന്‍ വിശദാംശങ്ങള്‍ ചോര്‍ത്തുന്നതായാണ് ആരോപണം. സംഭവത്തില്‍ ഇന്റലിജന്‍സ് വിഭാഗവും ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങി.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആരൊയൊക്കെയാണു വിളിക്കുന്നതെന്നും, സംഭാഷണത്തിന്റെ വിവരങ്ങളുമാണു പ്രധാനമായും ചോര്‍ത്തിയതെന്നാണു സൂചന. നെടുങ്കണ്ടം സ്റ്റേഷനിലെ പോലീസുകാരുടെ ഫോണ്‍ വിളി വിവരങ്ങളും ചോര്‍ത്തിയതായി ആരോപണമുണ്ട്.

കസ്റ്റഡി കൊലപാതക കേസില്‍ അന്വേഷണ വിവരം പരസ്പരം പങ്ക് വയ്ക്കാന്‍ പോലും കഴിയാത്ത ഗതികേടിലാണെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്കു പോലും ഫോണ്‍ ഉപയോഗിക്കാത്ത സ്ഥിതിയിലാണ് ക്രൈം ബ്രാഞ്ച് സംഘമെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Top