കസ്റ്റഡി മരണം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ രാജ്കുമാര്‍ എന്ന പ്രതി പീരുമേട് സബ്ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് കാണിച്ച് ഡിഐജി റിപ്പോര്‍ട്ട് നല്‍കിനെത്തുടര്‍ന്നാണ് നടപടി.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ വാസ്റ്റിന്‍ ബോസ്‌കോയെ ജയില്‍ മേധാവി സസ്‌പെന്‍ഡ് ചെയ്തു. താല്‍ക്കാലിക വാര്‍ഡന്‍ സുഭാഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. വകുപ്പ് തല അന്വേഷണത്തിന് ചീമേനി ജയില്‍ സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

രാജ്കുമാറിന്റെ ആരോഗ്യസ്ഥിതി മോശമായത് മേലുദ്യോഗസ്ഥരെ അറിയിക്കാഞ്ഞതും അടിയന്തരവൈദ്യസഹായം നല്‍കാഞ്ഞതും ഗുരുതരവീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 57 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് ഡിഐജി നല്‍കിയത്.

Top