പാലക്കാട്: മധുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രുപ ധനസഹായം നല്‍കുവാന്‍ നിര്‍ദേശം. ചീഫ് സെക്രട്ടറിയ്ക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ 13 പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. കൂടാതെ വനംവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മധുവിന്റെ സഹോദരിയും രംഗത്തെത്തിയിട്ടുണ്ട്. മധുവിന് നേരെ നടന്ന ആക്രമണം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന ആരോപണവുമായാണ് മധുവിന്റെ സഹോദരി ചന്ദ്രിക രംഗത്തെത്തിയത്.
മധുവിനെ കാണിച്ചുകൊടുത്തത് വനംവകുപ്പു ഉദ്യോഗസ്ഥരാണെന്നും അവരുടെ അകമ്പടിയോടെ നാലു കിലോമീറ്ററോളം നടത്തിച്ചാണ് മധുവിനെ കാട്ടില്‍ നിന്നും കൊണ്ടു വന്നതെന്നുമാണ് സഹോദരി പറയുന്നത്. മധു വെള്ളം ചോദിച്ചപ്പോള്‍ തലയില്‍ ഒഴിച്ചുകൊടുക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു. തിരിച്ചറിയല്‍ രേഖയില്ലാതെ നാട്ടുകാരെ വനത്തിലേക്ക് കയറ്റാറില്ലായിരുന്നു. എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ രേഖയില്ലാതെയാണ് ജനങ്ങളെ വനത്തിലേക്ക് കയറ്റിവിട്ടതെന്നും ആരോപണമുണ്ട്.