കൊച്ചി: സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തുകേസില്‍ ശുപാര്‍ശയ്ക്കായി ഉദ്യോഗസ്ഥരെ വിളിച്ച എല്ലാവരേയും വിളിച്ചുവരുത്തുമെന്ന് കസ്റ്റംസ് അധികൃതര്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ മുപ്പതുകിലോ സ്വര്‍ണം പിടിച്ചയുടന്‍ പി.ആര്‍.ഒ. സരിത്തിന്റെയും സ്വപ്നയുടെയും ഭാഗം ന്യായീകരിക്കാന്‍ പല മേഖലയിലുള്ളവരും തിരുവനന്തപുരത്തും ഡല്‍ഹിയിലുമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. ‘
‘ഇവര്‍ക്ക് ഈ വ്യക്തികളോടുള്ള പരിചയമെന്തെന്നും കസ്റ്റംസില്‍ ബന്ധപ്പെടാനുള്ള കാരണവും ഞങ്ങള്‍ക്ക് അറിഞ്ഞേ പറ്റൂ. അതിനാല്‍ വിളിച്ച എല്ലാവരേയും വിളിപ്പിക്കും. വരാത്തവരെ എങ്ങനെ വരുത്തണമെന്ന് ഞങ്ങള്‍ക്കറിയാം”-കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ പറഞ്ഞു.
മൂന്നുമാസത്തിനിടെ യു.എ.ഇ. കോണ്‍സുലാര്‍ ജനറലിന്റെ പേരില്‍ വന്ന എട്ട് പാഴ്‌സലുകളാണ് കസ്റ്റംസിന് സംശയം ജനിപ്പിച്ചത്. മിക്ക പാഴ്‌സലുകളും വന്നത് അദ്ദേഹത്തിന്റെ ഭാര്യയുടെ മേല്‍വിലാസത്തിലായിരുന്നു. ടിഷ്യു പേപ്പര്‍, ടൈല്‍സ്, ഫോട്ടോകോപ്പി മെഷീന്‍ എന്നിവയെന്ന പേരിലായിരുന്നു വന്നത്. പ്രാദേശികമായി കിട്ടുന്ന സാധനങ്ങള്‍ എന്തിനാണ് കയറ്റിയയക്കുന്നതെന്നാണ് ആദ്യം സംശയിച്ചത്. ജനീവാ കണ്‍വെന്‍ഷന്‍ അനുസരിച്ച് നയതന്ത്ര ബാഗേജുകള്‍ തുറന്നുപരിശോധിക്കാന്‍ ആര്‍ക്കും അധികാരമില്ല.
എന്നാല്‍ ഇക്കുറി ടവ്വല്‍ തൂക്കിയിടാനുള്ള കമ്പികള്‍, ഡോര്‍ സ്റ്റോപ്പര്‍, ബാത്ത്‌റൂം ഫിറ്റിങ്‌സ് എന്നപേരില്‍ വന്ന പാഴ്‌സലില്‍ കോണ്‍സുലേറ്റിന്റെ സ്റ്റിക്കര്‍ ഉണ്ടായിരുന്നില്ല. അതായിരുന്നു സംശയം കൂട്ടിയത്. ഇത്തരത്തിലൊരു പാഴ്‌സല്‍ തുറക്കണമെങ്കില്‍ യു.എ.ഇ. അംബാസഡര്‍ അനുമതി നല്‍കുകയോ പാഴ്‌സലിന്റെ ഉടമസ്ഥാവകാശം നിഷേധിക്കുകയോ വേണം. തുറന്നുപരിശോധിക്കാന്‍ അനുമതി കിട്ടില്ലെന്ന് ഉറപ്പായതോടെ വിദേശകാര്യ മന്ത്രാലയം വഴി ഡല്‍ഹിയിലെ യു.എ.ഇ. അംബാസഡറെ ബന്ധപ്പെട്ടു. കാര്യങ്ങള്‍ മനസ്സിലാക്കിയോടെ അവര്‍ പാഴ്‌സലിന്റെ ഉടമസ്ഥാവകാശം നിഷേധിച്ചു.
എന്നിട്ടും, ഒരു അറബിയുമായി വന്ന് പാഴ്‌സല്‍ ഏറ്റുവാങ്ങാന്‍ പി.ആര്‍.ഒ. സരിത് ശ്രമിച്ചു. എന്നാല്‍, കസ്റ്റംസ് വഴങ്ങിയില്ല. തുടര്‍ന്നുള്ള പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.