ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി ജിയോ ഫോണിലും ഇനി വാട്‌സ്ആപ്പ് ലഭിക്കും

jio

ശങ്കകള്‍ക്ക് വിരാമം, ഉപഭോക്താക്കള്‍ക്ക് ധൈര്യമായി ഇനി ജിയോ ഫോണ്‍ വാങ്ങിക്കാം.

1500 രൂപക്ക് റിലയന്‍സ് ജിയോ പുറത്തിറക്കാന്‍ പോകുന്ന 4ജി ഫോണിനെ കുറിച്ചാണ് ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച.

ഫോണിനു വേണ്ടി ജിയോ വാങ്ങിക്കുന്ന 1500 രൂപ മൂന്നു വര്‍ഷത്തിനു ശേഷം തിരികെ തരികയും ചെയ്യും എന്നതാണ് പ്രത്യേകത. എന്നാല്‍ ചില ന്യൂനതകളും ഇപ്പോഴത്തെ ചര്‍ച്ചകളില്‍ സംസാര വിഷയമാണ്.

അതിലൊരു പ്രധാനപ്പെട്ട ന്യൂനതയായിരുന്നു ഫോണില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാനാവില്ല എന്നത്. എന്നാല്‍ ഇക്കാര്യം ജിയോ ഫോണിന്റെ മുന്നേറ്റത്തിന് തടസ്സമാവും എന്ന് കണ്ട നിര്‍മ്മാതാക്കള്‍ വാട്‌സ്ആപ്പ് ഫോണില്‍ കൊണ്ടു വരാന്‍ തീരുമാനിച്ചു.

ഇതിനെ തുടര്‍ന്ന്, വാട്‌സ്ആപ്പ് അധികൃതരുമായി ജിയോ ഫോണ്‍ അധികൃതര്‍ ചര്‍ച്ചയിലാണ്. ജിയോ ഫോണില്‍ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമായ കൈ ഓ എസ് എന്ന പ്ലാറ്റ്‌ഫോമില്‍ വാട്‌സ്ആപ്പ് ലഭിക്കുന്നതിനുള്ള ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്.

എന്തു തന്നെയായാലും വാട്‌സ്ആപ്പ് ലഭ്യമാക്കും എന്ന നിലപാടിലാണ് ജിയോ ഫോണ്‍ നിര്‍മ്മാതാക്കള്‍ എന്ന് ഫാക്ടറി ഡെയിലി റിപ്പോര്‍ട്ട് ചെയ്യുന്നു. ജിയോ ഫോണുകള്‍ക്ക് മാത്രമുള്ള വാട്‌സ്ആപ്പ് വേര്‍ഷന്‍ തയ്യാറാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ജിയോ സ്മാര്‍ട്ട് ഫോണുകള്‍ ഓഗസ്റ്റ് 24 മുതല്‍ ബുക്ക് ചെയ്യാവുന്നതാണ്. സെപ്റ്റംബറില്‍ ഫോണുകള്‍ ലഭ്യമാകും.

ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ആദ്യം ഫോണ്‍ ലഭിക്കുക. ആഗസ്റ്റ് 15 മുതല്‍ 153 രൂപക്ക് ജിയോ ഫോണ്‍ വഴി അണ്‍ലിമിറ്റഡ് ഓഫര്‍ നല്‍കുമെന്നും പ്രഖ്യാപനമുണ്ട്.

രാജ്യത്തിന്റെ മൊബൈല്‍ വിപണിയില്‍ പുതിയ തരംഗം തന്നെയാണ് ജിയോ സൃഷ്ടിച്ചിരിക്കുന്നത്. ജിയോയുടെ 4ജി ഫീച്ചര്‍ ഫോണ്‍ 500 രൂപക്ക് ലഭ്യമാകും എന്നായിരുന്നു ആദ്യം പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകളെങ്കിലും ടെലികോം രംഗത്തെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് ഫോണ്‍ സൗജന്യമാണെന്ന പ്രഖ്യാപനം ജിയോ നടത്തിയത്.

Top