സ്വര്‍ണത്തിനും വെളളിക്കും സിഗരറ്റിനും വില കൂടും; മൊബൈലിനും ടിവിക്കും കുറയും

ദില്ലി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള അവതരിപ്പിച്ച ബജറ്റിൽ ചില സാധനങ്ങളുടെ വില കുറയും. ആഭ്യന്തര മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് ഘടക ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുമെന്നും ബജറ്റ് പ്രഖ്യാപനം. ആഭ്യന്തര മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് നികുതി വര്‍ധിപ്പിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണ വേളയിൽ പറഞ്ഞു. മൊബൈല്‍ ഫോണ്‍, ടിവി, ക്യാമറ ലെന്‍സ്, ലിഥിയം ബാറ്ററി, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി, ഹീറ്റിംഗ് കോയില്‍ എന്നിവയുടെ വില കുറയും. ലിഥിയം ബാറ്ററിയുടെ വില കുറയുന്നതിനാൽ മറ്റ് ഇലക്ട്രിക് ഉപകരണങ്ങളുടെ വില കുറഞ്ഞേക്കും

2014-15 സാമ്പത്തിക വര്‍ഷത്തില്‍ 5.8 കോടിയായിരുന്നു ഇന്ത്യയിലെ ആഭ്യന്തര മൊബൈല്‍ ഉല്‍പ്പാദനം. ഇത് 31 കോടിയായി വര്‍ധിച്ചതായി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഇതിന് പുറമേ ടിവി പാനലുകളുടെ ഓപ്പണ്‍ സെല്ലുകളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഘടക ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവയും കുറയ്ക്കും. 2.5 ശതമാനമായാണ് കുറയ്ക്കുക. സിഗരറ്റിന്റെ നികുതി ഉയര്‍ത്താന്‍ ബജറ്റ് നിര്‍ദേശം. നികുതിയില്‍ 16 ശതമാനത്തിന്റെ വര്‍ധന വരുത്താനുള്ള നിര്‍ദേശം നടപ്പാവുന്നതോടെ, സിഗരറ്റിന്റെ വില ഉയരും. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നികുതി വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു ബജറ്റിലും സിഗരറ്റിന്റെ നികുതി വര്‍ധിപ്പിച്ചിരുന്നില്ല.

സിഗരറ്റിന് പുറമെ ഇലക്ട്രിക് കിച്ചന്‍ ചിമ്മിനി, സ്വര്‍ണം, പ്ലാറ്റിനം ആഭരണങ്ങള്‍, വെള്ളി ആഭരണങ്ങള്‍ തുടങ്ങിയവയ്ക്കാണ് വില കൂടുന്നത്. സ്വര്‍ണ ബാറുകളുടെ കസ്റ്റംസ് തീരുവ ഉയരുന്നതോടെയാണ് സ്വര്‍ണ ആഭരണങ്ങളുടെ വില ഉയരുന്നത്. ഇലക്ട്രിക് കിച്ചന്‍ ചിമ്മിനിയുടെ കസ്റ്റംസ് തീരുവ 7.5 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കിയാണ് ഉയര്‍ത്തുന്നത്.

Top