തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധിപ്പിക്കാന്‍ കസ്റ്റംസ് നീക്കം. ചോദ്യം ചെയ്യുന്നതിനു മുന്നോടിയായി ശ്രീചിത്ര പോലുള്ള ആശുപത്രിയില്‍ പരിശോധന നടത്താനാണ് ആലോചന നടക്കുന്നത്.
സ്വകാര്യ ആശുപത്രിയിലെ മെഡിക്കല്‍ രേഖകള്‍ കസ്റ്റംസ് ശേഖരിക്കും. ആശുപത്രിയിലെ ഡോക്ടര്‍മാരില്‍ നിന്ന് കസ്റ്റംസ് വിവരങ്ങള്‍ തേടി. ആരോഗ്യകരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിയാന്‍ ശിവശങ്കര്‍ ശ്രമിക്കാനിടയുള്ളതിനാലാണ് ആരോഗ്യ പരിശോധനയെക്കുറിച്ച് കസ്റ്റംസ് ആലോചിക്കുന്നത്. ആശുപത്രിയില്‍ നിന്ന് ശിവശങ്കറെ ഡിസ്ചാര്‍ജ് ചെയ്താലുടന്‍ ചോദ്യം ചെയ്യല്‍ നടപടികള്‍ കസ്റ്റംസ് ആരംഭിക്കും.
സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്ലെന്നു കണ്ടെത്തി. ശിവശങ്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ രക്തസമ്മര്‍ദം ഉയര്‍ന്ന നിലയിലായിരുന്നു. ഇസിജിയിലും ചെറിയ വ്യത്യാസം കണ്ടെത്തി. ഇപ്പോള്‍ രക്തസമ്മര്‍ദം സാധാരണ നിലയിലാണ്. നടുവേദനയുണ്ടെന്ന് ശിവശങ്കര്‍ പറഞ്ഞതനുസരിച്ച് നടത്തിയ പരിശോധനയില്‍ ഡിസ്‌കില്‍ പ്രശ്‌നങ്ങളുണ്ടെന്നു കണ്ടെത്തി.
ഉദ്യോഗസ്ഥരോടൊപ്പം കാറില്‍ കസ്റ്റംസ് ഓഫിസിലേക്കു പോകുമ്പോഴാണ് ശിവശങ്കറിനു ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടര്‍ന്നു ഭാര്യ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.