തിരുവനന്തപുരം: സ്വർണ്ണ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ അറസ്റ്റ് ഇന്ന് കസ്റ്റംസ് രേഖപ്പെടുത്തും. എൻഫോഴ്സ്മെന്റ് കേസിൽ ശിവശങ്കർ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കാക്കനാട് ജില്ലാ ജയിലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തുക. ഇന്നലെയാണ് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കിയത്.
എറണാകുളം സെഷന്‍സ് കോടതിയാണ് അറസ്റ്റിന് അനുമതി നല്‍കിയത്. ശിവശങ്കറിന്‍റെ പങ്കിന് തെളിവ് കിട്ടിയെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്താൻ ഇന്നലെ കോടതി അനുമതി നൽകിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അറസ്റ്റിനു ശേഷം കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കോടതിയിൽ കസ്റ്റംസ് അപേക്ഷ നൽകും.