ഇടുക്കി: മറിയക്കുട്ടി കേരളത്തിന്റെ രാഷ്ട്രീയ അധഃപതനത്തിന്റെ പ്രതീകമാണെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ്. രാവിലെ കോണ്‍ഗ്രസും ഉച്ചകഴിഞ്ഞ് ബി.ജെ.പിയുമായി മറിയക്കുട്ടി മാറി. ബി.ജെ.പിയുടേയും കോണ്‍ഗ്രസിന്റേയും രാഷ്ട്രീയ അധഃപതനത്തിന്റെ പ്രതീകമാണ് മറിയക്കുട്ടി.
ഇച്ഛാശക്തിയുണ്ടായിരുന്നെങ്കില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ പെന്‍ഷന്‍ വേണ്ടെന്ന് വെക്കുകയായിരുന്നു മറിയക്കുട്ടി ചെയ്യേണ്ടിയിരുന്നത്. സി.പി.എമ്മിന് മറിയകുട്ടിയെ ഭയമില്ല. അവര്‍ നല്‍കിയ കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടും. കേസ് കൊണ്ട് സി.പി.എമ്മിനെ ഭയപ്പെടുത്താന്‍ സാധിക്കില്ലെന്ന് സി.വി.വര്‍ഗീസ് പറഞ്ഞു. ഡീന്‍ കുര്യാക്കോസ് എം.പിയുടെ തിരക്കഥയായിരുന്നു മറിയക്കുട്ടിയുടെ സമരമെന്നും സി.വി.വര്‍ഗീസ് കുറ്റപ്പെടുത്തി.
ക്ഷേമ പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഭിക്ഷയെടുത്ത് പ്രതിഷേധിച്ച അടിമാലി സ്വദേശിനി മറിയക്കുട്ടി കഴിഞ്ഞ ദിവസം ബി.ജെ.പി പരിപാടിയില്‍ പങ്കെടുത്തിരുന്നു. ന്യൂനപക്ഷ മോര്‍ച്ച തൃശൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ് സായാഹ്നത്തില്‍ ഉദ്ഘാടകയായാണ് മറിയക്കുട്ടി പങ്കെടുത്തത്. പരിപാടിയില്‍ പങ്കെടുത്ത കുമ്മനം രാജശേഖരന്‍ മറിയക്കുട്ടിക്ക് മധുരം നല്‍കി.