ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനുവേണ്ടി പ്രവര്‍ത്തക സമിതി യോഗം രാഹുല്‍ഗാന്ധി വിദേശത്തുനിന്ന് തിരിച്ചെത്തിയശേഷം ചേരും. മുതിര്‍ന്ന നേതാക്കളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തതാണ് ഇക്കാര്യം.
വരുന്ന ആഴ്ചകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനത്തിലെത്തുമെന്ന് നേതാക്കള്‍ പറഞ്ഞു.പല പേരുകളും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും പ്രവര്‍ത്തക സമിതി ചേരുന്നതിനുമുമ്പ് അതേപ്പറ്റി എന്തെങ്കിലും പറയുന്നത് ശരിയല്ലെന്ന് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഹരീഷ് റാവത്ത് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് രാഹുല്‍ഗാന്ധി പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവച്ചത്. എന്നാല്‍, രാജി പ്രവര്‍ത്തക സമിതി സ്വീകരിച്ചിട്ടില്ലെന്നകാര്യം റാവത്ത് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് നിലവില്‍ അധ്യക്ഷനില്ലെന്ന് പറയാനാകില്ല. രാജിക്കാര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനമെടുക്കും. താത്കാലിക സംവിധാനം ഏര്‍പ്പെടുത്തേണ്ടതുണ്ടോ എന്നകാര്യവും ചര്‍ച്ചചെയ്യും.നിരവധി വര്‍ക്കിങ് പ്രസിഡന്റുമാര്‍ ഉള്‍പ്പെട്ട പ്രിസീഡിയം സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യവും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.