കോഴിക്കോട്: സംസ്ഥാനത്ത് ചൂട് കനത്തതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നൽകി സിഡബ്ല്യുആർഡിഎമ്മിലെ ശാസ്ത്രജ്ഞർ. വരും ദിവസങ്ങളിൽ മഴ കിട്ടിയില്ലെങ്കിൽ അന്തരീക്ഷ ബാഷ്പീകരണം കൂടുകയും ജല സ്രോതസ്സുകളിലെ ജലനിരപ്പ് വലിയ തോതിൽ കുറയുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്.
പല ജില്ലകളിലും ഭൂഗർഭ ജലത്തിൻറെ അളവും കുറഞ്ഞിട്ടുണ്ട്. കാസർക്കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ ഭൂഗർഭ ജലനിരപ്പ് ഏറെ താഴ്ന്ന നിലയിലാണ്. ഈ പ്രദേശങ്ങൾ ക്രിട്ടക്കൽ മേഖലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജല വിനിയോഗത്തിൽ കടുത്ത നിയന്ത്രണം വേണ്ടി വരുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
അന്തരീക്ഷ താപനിലയുടെ കഴിഞ്ഞ ഒരു മാസത്തെ കണക്കെടുത്താൽ കഴിഞ്ഞ വർഷത്തെക്കാൾ ഉയർന്ന നിലയിലാണ്. ഒരു വർഷം കിട്ടേണ്ട മഴയുടെ അളവിൽ മാറ്റമുണ്ടായിട്ടില്ലെങ്കിലും മഴ കിട്ടുന്ന കാലയളവ് കാലാവസ്ഥാ വ്യതിയാനം മൂലം കുറഞ്ഞതാണ് പ്രതിസന്ധിയായത്. പാലക്കാട് ജില്ലയിൽ രാത്രി കാലത്തെ താപനിലയിൽ 2.9 ഡിഗ്രിയുടെ വർധനവുണ്ടായിട്ടുണ്ട്. കൊച്ചി, കൊല്ലം, തൃശൂർ ജില്ലകളിൽ മാത്രമാണ് ചൂട് കഴിഞ്ഞ തവണത്തേക്കാൾ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. വേനൽമഴ കാര്യമായി കിട്ടിയാൽ പ്രശ്നങ്ങളുണ്ടാവില്ലെന്നാണ് പ്രതീക്ഷ.
പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം. രാവിലെ 7 മുതൽ വൈകുന്നേരം 7 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. ഏപ്രിൽ 30വരെയാണ് ഈ രീതിയിൽ തുടരാൻ നിർദേശിച്ചിരിക്കുന്നത്. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരണമെന്ന് ലേബർ കമ്മിഷണർ അറിയിച്ചു.