തിരുവനന്തപുരം: അച്ചു ഉമ്മനെതിരെ സൈബര്‍ അധിക്ഷേപം. സെക്രട്ടറിയേറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി നന്ദകുമാര്‍ കൊളത്താപ്പിള്ളിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. അച്ചുവിന്റെ പരാതിയില്‍ കേസെടുത്ത് മൊഴി രേഖപ്പെടുത്തിയെങ്കിലും ഇടതുസംഘടനാ നേതാവിനെ ചോദ്യം ചെയ്യല്‍ പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിയാനായി പൊലിസ് മാറ്റിവയ്ക്കുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ മാപ്പു പറഞ്ഞ നന്ദകുമാര്‍ ഫെയ്‌സ് ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു.
അച്ചു ഉമ്മനെ അധിക്ഷേപിച്ച ഐഎച്ച്ആര്‍ഡി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നന്ദകുമാറിന് പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം ബുധനാഴ്ച ഹാജാരാകാനാണ് നോട്ടീസ് നല്‍കിയത്. വിഷയത്തില്‍ ഐഎച്ച്ആര്‍ഡി ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല. നടപടി വൈകുന്നതിന്റെ കാരണമറിയില്ലെന്ന് അച്ചു പ്രതികരിച്ചു.
സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ച് സ്ത്രീകളെ അധിക്ഷേപിച്ച് പോസ്റ്റിട്ടതിന് പ്രതിയായിട്ടും ഐഎച്ച്ആര്‍ഡിയും ഒരു നടപടിയും എടുത്തിട്ടില്ല. ഇതിനിടെയാണ് ഇന്ന് പത്ത് മണിക്ക് ഹാജരാകാനായി നന്ദകുമാറിന് പൂജപ്പുര പൊലിസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്.