മൊബൈല്‍ ഫോണില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് വെല്ലുവിളിയായി സൈബര്‍ ആക്രമണം. ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കാണ് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ഹാക്കര്‍മാര്‍ വെല്ലുവിളി സൃഷ്ടിക്കുന്നത്.
സൈബര്‍ സുരക്ഷ സ്ഥാപനം ആവിസ്റ്റയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. ഹാക്കര്‍മാരുടെ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ വഴി എത്തുന്ന സന്ദേശങ്ങളിലൂടെ സ്പാംവെയര്‍ ഡൗണ്‍ലോഡ് ചെയ്യിക്കുക എന്നതാണ് സൈബര്‍ ആക്രമണത്തിന്റെ ഒന്നാംഘട്ടം. ഫെയ്‌സ്ബുക്ക് ഉപഭോക്താവിന്റെ ചിത്രങ്ങള്‍, കോണ്‍ടാക്റ്റുകള്‍, കോള്‍ ഹിസ്റ്ററി, ചാറ്റുകള്‍ എന്നിവ ചോര്‍ത്താനും ഹാക്കര്‍മാര്‍ക്ക് സാധിക്കും.
കൂടാതെ ഹാക്ക് ചെയ്യപ്പെടുന്ന ഉപഭോക്താക്കളുടെ ലൊക്കേഷന്‍ തിരിച്ചറിയാനും പരിസരത്തുള്ള ശബ്ദങ്ങള്‍ റെക്കോഡ് ചെയ്യാനും സാധിക്കുമെന്നാണ് വിവരം. പ്രധാനമായും തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് ഹാക്കര്‍മാര്‍ സജീവമാകുന്നതെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.