മിനി സ്‌കര്‍ട്ട് ധരിച്ചതിന്റെ പേരില്‍ റിമയ്ക്ക് നേരേ സൈബര്‍ അധിക്ഷേപം

നടി റിമ കല്ലിങ്കലിനെതിരെ സൈബര്‍ അധിക്ഷേപം. രാജ്യാന്തര കൊച്ചി റീജിയണല്‍ ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ ഓപ്പണ്‍ ഫോറത്തിന്റെ വേദിയില്‍ മിനി സ്‌കര്‍ട്ട് ധരിച്ചാണ് താരം എത്തിയിരുന്നത്. അതിന്റെ ദൃശ്യങ്ങള്‍ വിവിധ യൂട്യൂബ് ചാനലുകളില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് റിമയ്ക്ക് നേരേ ആക്രമണം നടന്നത്.

സിനിമയിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാന്‍ വന്നപ്പോള്‍ ധരിച്ചിരുന്ന വസ്ത്രം കണ്ടോ? മാന്യമായി വസ്ത്രം ധരിച്ചുകൂടെ.. തുടങ്ങിയ സദാചാര കമന്റുകളായിരുന്നു ഏറെയും. ഇതാദ്യമായല്ല വസ്ത്രധാരണത്തിന്റെ പേരില്‍ റിമ സൈബറിടത്തില്‍ വിമര്‍ശനം നേരിടുന്നത്. ഇത്തരം വിഷയങ്ങള്‍ താന്‍ കാര്യമാക്കുന്നില്ലെന്നും ഒരു സ്ത്രയെന്ന നിലയില്‍ തനിക്ക് ആഗ്രഹമുള്ള കാര്യങ്ങള്‍ ചെയ്യുമെന്നുമായിരുന്നു റിമ പറഞ്ഞത്.

ചര്‍ച്ചയില്‍ വളരെ പ്രസക്തമായ കാര്യങ്ങളാണ് റിമ സംസാരിച്ചത്. സിനിമാ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് എന്തെങ്കിലും രീതിയിലുള്ള മോശം അനുഭവമുണ്ടായാല്‍ അതുപറയാന്‍ കേരളം പോലൊരു സംസ്ഥാനത്ത് ഇത്രയും കാലമായി ഒരിടം ഉണ്ടായിരുന്നില്ലെന്നത് അവിശ്വസനീയമാണെന്ന് റിമ പറഞ്ഞു.

‘ഇന്റേണല്‍ കമ്മിറ്റി എന്ന ആശയം ചര്‍ച്ച ചെയ്ത് തുടങ്ങുന്ന സമയത്ത് വൈറസ് എന്ന സിനിമയില്‍ ഞങ്ങള്‍ ഒരു ഐ.സി രൂപീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തതാണ്. ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു കാര്യമാണിത്. മൂന്നേ മൂന്ന് ആളുകളെ കൃത്യമായി കണ്ടെത്തണം. അതിലൊരാള്‍ ആക്ടിവിസ്റ്റായിരിക്കണം, സ്ത്രീയായിരിക്കണം, നിയമവശങ്ങള്‍ നന്നായി അറിയുന്നയാളായിരിക്കണം, മുതിര്‍ന്ന ഒരാളായിരിക്കണം.

നമ്മള്‍ ഒരു തൊഴിലിടം ഒരുമിച്ച് കൊണ്ടുവരുമ്പോള്‍, ഒരുപാട് പേരെ ഒരു സിനിമാ നിര്‍മാണ ഇടത്തിലേക്ക് കൊണ്ടുവരുമ്പോള്‍ അവിടം കളങ്കരഹിതമാവണം എന്ന മാനസികാവസ്ഥ മാത്രമേ ഇതിനാവശ്യമുള്ളൂ. ലൈംഗിക അതിക്രമം എന്നതില്‍ മാത്രം അത് ഒതുക്കിനിര്‍ത്താന്‍ ഞാനാഗ്രഹിക്കുന്നില്ല.’ റിമ പറഞ്ഞു.

Top