വയനാട്: കേരളത്തിലും വാനാക്രൈ സൈബര്‍ ആക്രമണം. വയനാട് തരിയോട് പഞ്ചായത്ത് ഓഫീസിലെ കംപ്യൂട്ടര്‍ സംവിധാനമാണ് തകരാറിലായിട്ടുള്ളത്. ആറ് കംപ്യൂട്ടറുകളിലെ മുഴുവന്‍ ഫയലുകളും നശിച്ചുകഴിഞ്ഞു. സൈബര്‍ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം.
രണ്ട് മണിക്കൂറിനുള്ളില്‍ പണം നല്‍കിയിട്ടില്ലെങ്കില്‍ ഫയലുകള്‍ നശിപ്പിക്കുമെന്ന് ഭീഷണി ഉയര്‍ത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. ആദ്യ സൈബര്‍ ആക്രമണമുണ്ടായ വെള്ളിയാഴ്ച തന്നെ വൈറസ് പ്രവര്‍ത്തിച്ചു തുടങ്ങിയതായും സൂചനയുണ്ട്.
ബാങ്കുകള്‍ , ഓഹരി വിപണി, ടെലികോം കമ്പനികള്‍, വിമാനത്താവളങ്ങള്‍ എന്നിവയ്ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളുള്ള ന്യൂസിലന്‍ഡ്, തായ്‌വാന്‍ എന്നീ രാജ്യങ്ങളിലെ കംപ്യൂട്ടര്‍ സംവിധാനങ്ങളില്‍ നുഴഞ്ഞുകയറാന്‍ വാനാക്രൈയ്ക്ക് സാധിച്ചിട്ടില്ല.
റാന്‍സംവെയര്‍ ആക്രമണത്തിലൂടെ ഹാക്കര്‍മാര്‍ക്ക് ഇതുവരെലഭിച്ചത് 20 ലക്ഷം രൂപമാത്രമെങ്കിലും ലോകത്തിന് വരുത്തിവച്ചത് 25600 കോടി രൂപയുടെ നഷ്ടമെന്നാണ് ഇപ്പോഴത്തെ മതിപ്പ്. ചൈനയില്‍ മാത്രം രണ്ടുലക്ഷം കംപ്യൂട്ടറുകള്‍ തകരാറിലായെന്നാണ് റിപ്പോര്‍ട്ട്.