സമൂഹ മാധ്യമങ്ങൾ വഴിയുള്ള അധിക്ഷേപം; പൊലീസ് ആക്ടില്‍ ഭേദഗതി വരുന്നു

തിരുവനന്തപുരം : സാമൂഹ്യ മാധ്യമങ്ങൾ വഴിയുളള അധിക്ഷേപങ്ങൾ നിയന്ത്രിക്കാൻ കേരള പൊലീസ് ആക്ടില്‍ ഭേദഗതി വരുത്താന്‍ തീരുമാനം. സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. സോഷ്യൽ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങൾക്കെതിരെ നടപടി എടുക്കാൻ പൊലീസ് ആക്ടിൽ വകുപ്പില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

സ്ത്രീകൾക്കെതിരായി മോശം പരാമാർശം നടത്തിയ വിവാദ യൂട്യൂബർ വിജയ് പി നായരെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ ചേർന്ന് മർദ്ദിച്ചത് വലിയ വാർത്തയായിരുന്നു. നിരന്തര പരാതികൾ കൊണ്ട് ഗുണമില്ലെന്ന് അവകാശപ്പെട്ടായിരുന്നു ഇവർ നേരിട്ട് നിയമം കയ്യിലെടുത്തത്. ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പ്രചാരണം വന്നത് വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്. തങ്ങളുടെ പരാതിക്ക് നടപടിയില്ലെന്ന് കാണിച്ച് സൈബർ ആക്രമണത്തിന് ഇരയായവരും രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ ഭേദഗതി.

2011ലെ പൊലീസ് ആക്ട് ഭേദഗതി ചെയ്യാനാണ് തീരുമാനം. 118 A വകുപ്പ് കൂട്ടിച്ചേർക്കാനാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ, അധിക്ഷേപിക്കൽ, ഇവ പ്രസിദ്ധീകരിക്കൽ, പ്രചരിപ്പിക്കൽ എന്നിവ ഇനി കുറ്റകൃത്യമാകും. ഇത് സംബന്ധിച്ച് പൊലീസിന് കേസെടുക്കാൻ അധികാരം ലഭിക്കും. സമൂഹ മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാൻ നിയമം ദുർബലം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം.

Top