തിരുവനന്തപുരം: തനിക്കുനേരെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംവിധായകനും നടനുമായ മധുപാല്‍. തന്റെ വാക്കുകള്‍ വളച്ചൊടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ തന്നെ അപഹസിക്കുകയാണ്. ചിലര്‍ ഭീഷണിപ്പെടുത്തുന്നുമുണ്ട്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെയോ നേതാവിനെയോ വ്യക്തിപരമായി വിമര്‍ശിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.
പൊതുവില്‍ ഭരണകൂടത്തിനെതിരെയാണ് അന്ന് സംസാരിച്ചത്. പ്രസംഗം ചിലര്‍ വളച്ചൊടിച്ച് ഉപയോഗിക്കുകയായിരുന്നു. അന്നുതന്നെ വിശദീകരണം നല്‍കിയെങ്കിലും സൈബര്‍ ആക്രമണം ഇപ്പോഴും തുടരുകയാണെന്നും മധുപാല്‍ പ്രതികരിച്ചു.
‘നാം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്’ എന്ന് മധുപാല്‍ മുമ്പ് ഒരു പൊതുചടങ്ങില്‍ സംസാരിച്ചിരുന്നു. തുടര്‍ന്ന് മധുപാലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് വലിയ സൈബര്‍ പ്രചാരണം നടന്നിരുന്നു. മധുപാല്‍ മരിച്ചു എന്ന വാര്‍ത്തയും സൈബര്‍ അക്രമികള്‍ പ്രചരിപ്പിച്ചു.
ഇപ്പോള്‍ എക്‌സിറ്റ്‌പോള്‍ ഫലം പുറത്തുവന്നതോടെ സൈബര്‍ ഇടങ്ങളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് ചിലര്‍. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജിന് താഴെ കമന്റുകള്‍ നിറയുകയാണ്. ‘വാക്ക് പാലിക്കില്ലെങ്കില്‍ നിന്റെ വീടിനു മുന്നില്‍ റീത്ത് വച്ചു അനുശോചന സമ്മേളനം നടത്തും.., താങ്കള്‍ വാക്ക് പാലിക്കും എന്നു തന്നെ കരുതട്ടെ…, മധു, താങ്കളുടെ ഹിതമനുസരിച്ചാണെങ്കില്‍ പോലും, താങ്കളുടെ അകാല മൃത്യുവില്‍ അനുശോചനം രേഖപ്പെടുത്തുന്നു….’ ഇങ്ങനെ പോകുന്നു കമന്റുകള്‍.
‘ജീവനുള്ള മനുഷ്യര്‍ക്ക് ഇവിടെ ജീവിക്കാനാകണം, ഞങ്ങള്‍ കുറച്ചുപേര്‍ മാത്രം ഇവിടെ ജീവിച്ചാല്‍ മതി എന്നാണ് ചിലരുടെ പ്രഖ്യാപനം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എന്തെല്ലാം കുഴപ്പങ്ങളാണുണ്ടായത് എന്ന് നാം കണ്ടതാണ്. ദേശീയത പറയുന്നവരുടെ കാലത്താണ് ഏറ്റവുമധികം രാജ്യരക്ഷാ ഭടന്മാര്‍ കൊല്ലപ്പെട്ടത്. സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥ, മനുഷ്യനെ മതത്തിന്റെ ചതുരത്തില്‍ നിര്‍ത്തുന്ന ഭരണകൂടമല്ല നമുക്ക് വേണ്ടത്. അതുകൊണ്ട് ഇടതുപക്ഷത്തിനൊപ്പം നിലകൊള്ളണം.”-ഇങ്ങനെയായിരുന്നു മധുപാലിന്റെ പ്രസംഗം.
ഇതിനെത്തുടര്‍ന്ന് ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് മധുപാല്‍ പറഞ്ഞതായി ഒരുപറ്റം ആളുകള്‍ പ്രചരിപ്പിച്ചു. താന്‍ പറഞ്ഞത് മനസിലാക്കാനുള്ള ആ സുഹൃത്തുക്കളുടെ കഴിവില്ലായ്മയെ ഉള്‍ക്കൊള്ളുന്നുവെന്ന് മധുപാല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
‘ഇക്കുറി ഇന്ത്യയില്‍ നടക്കുന്ന തിരഞ്ഞെടുപ്പും അതുപോലെ തന്നെ ഒരു സമരമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഇതൊരു ജീവന്മരണ സമരമാണ്. ജനാധിപത്യം നിലനിര്‍ത്തണോ വേണ്ടയോ എന്നതിനു വേണ്ടിയുള്ള ജീവന്മരണ പോരാട്ടം. ഇതില്‍ വിജയിക്കേണ്ടത് ജനാധിപത്യമാണ്. അല്ലാതെ ഉള്ളുപൊള്ളയായ ദേശസ്നേഹത്തിന്റെ വര്‍ണക്കടലാസില്‍ പൊതിഞ്ഞ വര്‍ഗീയതയല്ല. ഇനിയും വോട്ടു രേഖപ്പെടുത്താന്‍ നമുക്ക് ജനാധിപത്യത്തിലൂന്നിയ തിരഞ്ഞെടുപ്പുകളുണ്ടാകണമെന്ന്’. മധുപാല്‍ വ്യക്തമാക്കിയിരുന്നു.