ഓപ്പറേഷൻ പി ഹണ്ട്; കൂടുതൽ പേർ അറസ്റ്റിലാകുമെന്ന് എഡിജിപി

തിരുവനന്തപുരം: കുട്ടികളെ ചൂഷണം ചെയ്ത് അശ്ലീല ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച കൂടുതൽ പേർ അറസ്റ്റിലാകും. പൊലീസ് കണ്ടെടുത്ത ചിത്രങ്ങളിലുളള കുട്ടികളെ കണ്ടെത്താനുളള അന്വേഷണം തുടങ്ങിയതായും എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.

കുട്ടികളെ കണ്ടെത്തുന്നതോടെ ചിത്രങ്ങൾ എടുക്കുന്നത് ആരാണെന്ന അന്വേഷണത്തിലേക്ക് കടക്കുകയാണ് പൊലീസിൻറെ ലക്ഷ്യം.അന്വേഷണത്തിന് ഇൻറർപോൾ ഉൾപ്പെടെയുളള അന്തർദേശീയ ഏജൻസികളുടെ സഹായവും പൊലീസ് തേടി.

വീടുകളിൽ പോലും കുട്ടികൾ സുരക്ഷിതരല്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് സംസ്ഥാന വ്യാപകമായി കഴിഞ്ഞദിവസം നടന്ന ഓപ്പറേഷൻ പീ ഹണ്ടിലൂടെ പുറത്തു വന്നത്.

വീട്ടിനുളളിൽ നിൽക്കുന്ന കുട്ടികളുടെ നഗ്‌നചിത്രങ്ങൾ അശ്ലീല സൈറ്റുകൾ വഴി പ്രചരിച്ചിട്ടുണ്ട്. ഇത്തരം ചിത്രങ്ങൾ വിൽപന നടത്താനും ചില സംഘങ്ങൾ പ്രവർത്തിക്കുന്നു. ഡാർക്ക് നെറ്റ് വഴിയാണ് ഇടപാടുകൾ.

ഒറ്റ ദിവസം കൊണ്ട് 47 പേരെയാണിപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഇത് ഇനിയും വർധിക്കാനാണ് സാധ്യത’. രജിസ്റ്റർ ചെയ്ത കേസിന്റെ എണ്ണമാകട്ടെ 89 ആണ്.
ഐപി വിലാസങ്ങളിലൂടെ കണ്ടെത്തിയ കേരളത്തിലെ 117 ഇടങ്ങളിൽ ജൂൺ 27ന് രാവിലെ ഒരേ സമയത്തായിരുന്നു പി ഹണ്ട് റെയ്ഡ് നടത്തിയിരുന്നത്.

ഇപ്പോൾ പിടിയിലായ 47 പേരിൽനിന്നു പിടിച്ചെടുത്ത 143 ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഏറെയും സൂക്ഷിച്ചിരുന്നത് 6 മുതൽ 15 വയസ്സുവരെയുള്ള കുട്ടികളുടെ ദൃശ്യങ്ങളാണ്.

നിലവിൽ പിടിച്ചെടുത്തുളള മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കും.

ഫോണുകളിലെ ചാറ്റുകളും വിശദമായി പരിശോധിക്കുമെന്ന് എഡിജിപി അറിയിച്ചു.

Top