cyber dome; action against acp vinayakumaran nair

തിരുവനന്തപുരം: സൈബര്‍ സുരക്ഷാ സമ്മേളനത്തില്‍ (കോകൂണ്‍) അവതാരകയായ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അസിസ്റ്റന്റ് കമാണ്ടന്റും ഹൈടെക് സെല്‍ മുന്‍ തലവനുമായ വിനയകുമാരന്‍ നായരെ സര്‍വ്വീസില്‍ നിന്ന് ഉടന്‍ സസ്‌പെന്‍ഡ് ചെയ്യും.

ഇതുസംബന്ധമായി വിനയകുമാരന്‍ നായര്‍ക്കെതിരെ കൊല്ലം റൂറല്‍ എസ്പി അജിത ബീഗം റിപ്പോര്‍ട്ട് നല്‍കുകയും കൊല്ലം അഞ്ചാലുംമൂട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് സസ്‌പെന്‍ഡ് ചെയ്യുന്നത്.

ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ ഇക്കാര്യത്തില്‍ ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കും.

വിനയകുമാരന്‍ നായരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാവും.

രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധേയമായ സൈബര്‍ സമ്മേളനത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചതും പൊലീസിന് നാണക്കേട് ഉണ്ടാക്കിയതും വിനയകുമാരന്‍ നായരുടെ നടപടിയാണെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്.

സമ്മേളനവുമായി ബന്ധപ്പെട്ട് സംഘാടകര്‍ക്കെതിരെയും സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നത് വിനയകുമാരന്‍ നായരെ സ്ഥലം മാറ്റിയതിന് ശേഷമാണ് എന്നതിനാല്‍ ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് നിഗമനം.

ഇക്കാര്യങ്ങളെ കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും വിശദമായി അന്വേഷിക്കുന്നുണ്ട്.

ഗവര്‍ണര്‍ പി സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും രാജ്യത്തിനകത്തും പുറത്തുമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഐടി വിദഗ്ധരുമെല്ലാം പങ്കെടുത്ത ‘കോകൂണ്‍’നെ വിവാദത്തിലേക്ക് വലിച്ചിഴച്ചതില്‍ മുഖ്യമന്ത്രിക്കും കടുത്ത അതൃപ്തിയുണ്ടായിരുന്നു.

അത്‌കൊണ്ട് തന്നെ ഇക്കാര്യത്തില്‍ വിനയകുമാരന്‍ നായരെ സംരക്ഷിക്കുന്ന ഒരു ഏര്‍പ്പാടിനും സര്‍ക്കാരില്ലെന്നാണ് നിലപാട്.

വിനയകുമാരന്‍ നായരുടെ ഭാര്യ പൊലീസ് ആസ്ഥാനത്തെ ഒരു പ്രധാന സെക്ഷനിലെ പ്രധാനി ആയതിനാലാണ് നടപടി വൈകുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു.

എന്നാല്‍ നടപടിയുടെ കാര്യത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ നിലപാട് കടുപ്പിച്ചതോടെയാണ് ഇപ്പോള്‍ സസ്‌പെന്‍ഷനുള്ള വഴിയും തുറക്കുന്നത്.

വിദ്യാര്‍ത്ഥിനിയെ അനുനയിപ്പിക്കാന്‍ അണിയറയില്‍ ശ്രമം നടന്നിരുന്നെങ്കിലും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ മകള്‍ കൂടിയായതിനാല്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. ഇത് അന്വേഷണ ഉദ്യോഗസ്ഥയായ എസ് പി അജിതാ ബീഗത്തിനും ഏറെ സഹായകരമായി.

Top