തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കാരെ പിടികൂടാന്‍ ന്യൂഡല്‍ഹി ഐഐടിയുമായി ചേര്‍ന്ന് പുതിയ സാങ്കേതിക വിദ്യ രൂപപ്പെടുത്തി സംസ്ഥാന സൈബര്‍ ഡോം.
ഇതിന്റെ ഭാഗമായി 120 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മൂന്ന് ബാച്ചുകളിലായി സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് പ്രത്യേക പരിശീലനവും നല്‍കി .
ആധുനിക സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി സൈബര്‍ മോഖലയിലെ എല്ലാ കുറ്റകൃത്യങ്ങളുടെയും അടിവേര് പിഴുതെടുക്കാനുള്ള ശ്രമമാണ് സൈബര്‍ ഡോമിന്റെ നോഡല്‍ ഓഫീസര്‍ കൂടിയായ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്.
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ ഉപയോഗിച്ചും വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ചും ഓണ്‍ലൈന്‍ പെണ്‍വാണിഭത്തട്ടിപ്പ് നടത്തുന്നവരെ കുടുക്കാന്‍ സൈബര്‍ ഡോം നടത്തിയ പ്രവര്‍ത്തനം ഇതിനകം തന്നെ വിജയം കണ്ട് തുടങ്ങി.
പ്രവര്‍ത്തനം തുടങ്ങി ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ 39 വ്യാജ പ്രൊഫൈലുകളാണ് ഇതിനകം കണ്ടെത്തിയത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച പത്ത് കോളേജ് വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ പിടിയിലായി കഴിഞ്ഞു.
പതിനായിരക്കണക്കിന് സംശയകരമായ ഫേസ്ബുക്ക് പേജുകള്‍ നിരീക്ഷിച്ചാണ് തട്ടിപ്പ് കണ്ടെത്തിയത്. വ്യാജ പ്രൊഫൈലുകള്‍ കണ്ടുപിടിക്കുന്നതിനായി സൈബര്‍ ഡോമില്‍ സോഷ്യല്‍മീഡിയ ലാബ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന ഫേസ്ബുക്ക് പേജുകളില്‍ കടന്ന് കയറി കവര്‍ പേജില്‍ തന്നെ സൈബര്‍ ഡോം തങ്ങളുടെ മുദ്രയാണ് ആദ്യം പതിപ്പിക്കുന്നത്.
ഈ മുന്നറിയിപ്പ് കാണുമ്പോള്‍ തന്നെ ഇത്തരം പേജുകള്‍ അപ്രത്യക്ഷമാകുന്നുണ്ടെങ്കിലും ചിലത് തൊട്ടുപിന്നാലെ മറ്റ് പേരുകളില്‍ പ്രത്യക്ഷപ്പെടുന്ന സാഹചര്യമുണ്ടായി.
ഈ സാഹചര്യത്തില്‍ ഗ്രൂപ്പ് അഡിമിനിസ്‌ട്രേറ്റര്‍മാര്‍ക്കെതിരെ കേസെടുത്താണ് സൈബര്‍ പൊലീസ് തിരിച്ചടിച്ചത്.
കൊട്ടിഘോഷിച്ച് നേരത്തെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിലവില്‍ വന്ന ബിഗ് ഡാഡിയുടെ ‘പ്രശസ്തി’യുടെ വഴിയല്ല സൈബര്‍ ഡോമിന്റെത്.
പൊലീസ് നടപടിക്ക് മുന്‍പ് മാധ്യമങ്ങളോട് വിളിച്ച് പറയുകയും ‘പ്രാഞ്ചിയേട്ടന്‍’ ചമയുകയും ചെയ്യുന്ന ഉദ്യോഗസ്ഥനില്‍ നിന്നും വ്യത്യസ്തനായി പ്രശസ്തിയിലല്ല പ്രവര്‍ത്തിയിലാണ് കാര്യമെന്ന നിലക്കാണ് സൈബര്‍ ഡോമിലെ ഉദ്യോഗസ്ഥര്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോവുന്നത്.
അതുകൊണ്ട് തന്നെ ഇതിന്റെ റിസള്‍ട്ടും ആശാവഹമാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക് കൂടി മാതൃകയാണിപ്പോള്‍ കേരള സൈബര്‍ ഡോം.
കൊല്ലത്ത് നടന്ന രാജ്യാന്തര സൈബര്‍ സുരക്ഷ സമ്മേളനത്തില്‍ നിന്ന് ലഭിച്ച ഊര്‍ജ്ജം കരുത്താക്കി മാറ്റിയാണ് ഇവരുടെ മുന്നോട്ടുള്ള ചുവടു വെപ്പ്.