കൊച്ചി: ആധുനിക ജീവിത മേഖലയില്‍ കാന്‍സറായി പടരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ സൈബര്‍ ഡോം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്ന് മുന്‍ കാലിക്കറ്റ് സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ.കെ.എന്‍ കുറുപ്പ്. പ്രമുഖ ചരിത്രകാരനും പൊതു വിദ്യാഭ്യാസ ഉപദേശക സമിതി ചെയര്‍മാനുമാണ് അദ്ദേഹം.
കൊച്ചിയില്‍ സംഘടിപ്പിച്ച സൈബര്‍ സമ്മേളനം(കൊക്കൂണ്‍) സൈബര്‍ കുറ്റകൃത്യം നടത്തുന്നവര്‍ക്ക് വലിയ ഭീഷണിയായി മാറും. കേരള പൊലീസിനെ സംബന്ധിച്ച് ലോകത്തിനു മുന്നില്‍ തന്നെ തല ഉയര്‍ത്തി നില്‍ക്കാവുന്ന സാഹചര്യമാണ് ഇതു നല്‍കുന്നത് കുറുപ്പ് ചൂണ്ടിക്കാട്ടി.
ലോകത്തെ സൈബര്‍ വിദഗ്ദരുടെ വലിയ ഒരു കൂട്ടായ്മ കൊച്ചിയില്‍ ഒത്തുചേര്‍ന്നത് ഈ മേഖലയിലെ പരിവര്‍ത്തനത്തിനു തന്നെ കാരണമാകും. രാജ്യാന്തര തലത്തില്‍ സൈബര്‍ വിദഗ്ദരുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിക്കുന്നതിന് സൈബര്‍ ഡോം തന്നെ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സൈബര്‍ മേഖലയിലെ കുറ്റകൃത്യം നടത്തിയാല്‍ കണ്ടു പിടിക്കാന്‍ പറ്റില്ലെന്ന വിശ്വാസത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
പണ്ട് നാട്ടിലെ കള്ളന്‍മാരെയാണ് പേടിക്കേണ്ടതെങ്കില്‍ പുതിയ കാലത്ത് സൈബര്‍ ക്രിമിനലുകളാണ് സമൂഹത്തില്‍ ഭീതി പടര്‍ത്തുന്നത്.
സോഷ്യല്‍ മീഡിയകളുടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശം കൊണ്ടുവരേണ്ട സമയവും അതിക്രമിച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
അക്കാദമിക് മേഖലയിലേക്ക് കൂടി സൈബര്‍ ഇന്‍വെസ്റ്റിഗേഷന്‍ വിജ്ഞാനം വ്യാപിപ്പിക്കണം. സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം ആത്മാഭിമാനത്തേയും ജീവിതത്തെയും പ്രതികൂലമായ അനേകം പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടന്നു വരുന്നുണ്ട്. അതിനെതിരെ നടപടി സ്വീകരിക്കേണ്ടത് സ്റ്റേറ്റിന്റെ കടമയാണ്. അതിനു നേതൃത്വം നല്‍കാന്‍ ഇത്തരം സമ്മേളനങ്ങള്‍ അനിവാര്യമാണെന്നും കുറുപ്പ് അഭിപ്രായപ്പെട്ടു.
സൈബര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കുന്ന ഡി.ജി.പി ലോക് നാഥ് ബഹ്‌റ, സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ കൂടിയായ ഐ.ജി മനോജ് എബ്രഹാം തുടങ്ങിയവരെ കെ.കെ.എന്‍ കുറുപ്പ് അഭിനന്ദിച്ചു.
അതേസമയം, ലോകത്തിലെ സൈബര്‍ രംഗത്തെ നൂതന ആശയങ്ങളും വെല്ലുവിളികളും ചര്‍ച്ച ചെയ്യപ്പെട്ട കൊക്കൂണിന്റെ പതിനൊന്നാം പതിപ്പിന്റെ രണ്ടാം ദിനത്തിലും സമ്പുഷ്ടമായ സദസ് കോണ്‍ഫറന്‍സിനെ മികവുറ്റതാക്കി. സ്ഥിരം സൈബര്‍ തട്ടിപ്പ് മേഖലകള്‍ ഒഴിച്ച് ഹാക്കര്‍മാര്‍ നൂതനവും വ്യത്യസ്തവുമായ വഴികള്‍ തേടുമ്പോള്‍ അത് പ്രതിരോധിക്കാനുള്ള വിവിധ വശങ്ങള്‍ കൊക്കൂണില്‍ ചര്‍ച്ച ചെയ്തു.
സൈബര്‍ സെക്യൂരിറ്റി ഇന്‍ ഹാക്കിങ് കെയര്‍ ഇന്‍ഡസ്ട്രി എന്ന വിഷയത്തില്‍ നൂറുല്‍ ഹഖും, വില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ് ബ്രിംഗ് മോര്‍ ത്രെഡ്‌സ് ഓണ്‍ഡ് സൈബര്‍ സെക്യൂരിറ്റി എന്ന വിഷയത്തില്‍ ഡോ റോഷി ജോണ്‍, ഡേറ്റാ മാനോജ്‌മെന്റ് ചലഞ്ച് ഫോര്‍ പ്രൈവസി കോപ്ലിനന്‍സ് എന്ന വിഷയത്തില്‍ മറിയ ബെല്ലര്‍മിനെ, യുഎന്‍ഒഡിസി വര്‍ക്ക് പ്രമോട്ടിംഗ് സൈബര്‍ സെക്യൂരിറ്റി എന്ന വിഷയത്തില്‍ സെര്‍ജി കാപിനോസ്, മലേഷ്യ സൈബര്‍ സെക്യൂരിറ്റി പൊലിസിങ് ആന്‍ഡ് സ്ട്രാറ്റജി എന്ന വിഷയത്തില്‍ ഫസല്‍ ബിന്‍ അബ്ദല്ല, ഡേറ്റാ ക്ലാസിഫിക്കേഷന്‍ ആന്‍ഡ് ലീക്കേജ് പ്രവന്റേഷന്‍ ഹൗ ക്രിട്ടിക്കല്‍ ഈസ് ഇറ്റ് ഫോര്‍സൈബര്‍ സെക്യൂരിറ്റി എന്ന വിഷയത്തില്‍ ഇല്ല്യാസ് കൂലിയങ്കല്‍ തുടങ്ങിയവരുടേയും അവതരണം ശ്രദ്ധേയമായി.
രാജ്യന്തര തലത്തില്‍ നിന്നുള്‍പ്പെടെ ആയിരത്തിലധികം പ്രതിനിധികള്‍ രണ്ട് ദിവസം നീണ്ട സമ്മേളനത്തില്‍ പങ്കെടുത്തു. സൈബര്‍ രംഗത്തെ നൂതന ആശയങ്ങള്‍ സംസ്ഥാനത്തെ സൈബര്‍ സുരക്ഷാ രംഗത്തിന് സ്വായത്തമാകുന്ന രീതിയിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതാണ് മുഖ്യ ചര്‍ച്ച. സംസ്ഥാന പൊലീസിന്റെയും സൈബര്‍ ഡോമിന്റെയും നേതൃത്വത്തില്‍ നടന്ന കോണ്‍ഫറന്‍സ് വന്‍ വിജയമായി ഇതിനകം മാറിയിട്ടുണ്ട്.