റഷ്യ: സൈബര്‍ സുരക്ഷാ നിയമങ്ങള്‍ ആഗോള തലത്തില്‍ ഏകീകരിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ഈ വര്‍ഷം റഷ്യ വ്യാപകമായി സൈബര്‍ ആക്രമണത്തിനിരയായ പശ്ചാത്തലത്തിലാണ് പുടിന്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്. റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലാണ് സൈബര്‍ യുദ്ധം ആരംഭിച്ചത്.
റഷ്യന്‍ ഹാക്കര്‍മാര്‍ അമേരിക്കയ്ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും മേല്‍ നടത്തിയ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇക്കൊല്ലം തിരിച്ചടി നേരിട്ടിരുന്നു. റഷ്യയുടെ ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സിയെ ബാഡ് റാബിറ്റ് എന്ന റാന്‍സം വെയര്‍ ആക്രമണം ഏറെ ബാധിക്കുകയും ചെയ്തു.
റഷ്യന്‍ ഹാക്കര്‍മാര്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മേല്‍ നടത്തിയ സൈബര്‍ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്നാണ് കരുതപ്പെടുന്നത്. അമേരിക്കയാണ് ഇതിന് പിന്നിലെന്ന് റഷ്യ ആരോപിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പുടിന്‍ സൈബര്‍ സുരക്ഷാ നിയമങ്ങള്‍ക്ക് ആഗോളതലത്തില്‍ ഏകീകൃത സ്വഭാവം വേണമെന്ന് ആവശ്യം ഉന്നയിച്ചത്. നേരത്തെ ഇന്റര്‍നെറ്റ് സേവന ദാതാക്കളോട് ഉപയോക്താക്കളുടെ യൂസര്‍ ഡാറ്റ ശേഖരിക്കാനാവശ്യപ്പെടുന്ന നിയമം റഷ്യ പാസാക്കിയിരുന്നു.
ടെലികോം മേഖലയില്‍ പരമാവധി റഷ്യന്‍ ഉപകരണങ്ങളും സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കാനും നിര്‍ദേശിച്ചിരുന്നു. വിദേശ നിര്‍മിത ഉപകരണങ്ങള്‍ വഴി ഡാറ്റ ചോര്‍ത്താനും സൈബര്‍ ആക്രമണങ്ങള്‍ നടത്താനുമുള്ള സാധ്യത തടയാനായിരുന്നു ഇത്. എന്നാല്‍, വലിയ തോതിലുള്ള ഡാറ്റ ശേഖരിക്കുന്നതിനാവശ്യമായ സ്വദേശ നിര്‍മിത ഹാര്‍ഡ്‌വെയറുകളുടെ അഭാവമാണ് റഷ്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. പാശ്ചാത്യ ഹാക്കര്‍മാരുടെ ആക്രമണം റഷ്യയെ പ്രതിരോധത്തിലാക്കിയെന്നാണ് പുടിന്റെ പ്രസ്താവനയിലൂടെ വ്യക്തമാവുന്നത്.