ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായും അടുത്ത ആഴ്ചയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. ചുഴലിക്കാറ്റായി മാറുന്ന ന്യൂനമര്‍ദ്ദം നിവാറിന്റെ അതേ ദിശയില്‍ സഞ്ചരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
അതിനിടെ നിവാര്‍ ദുര്‍ബലമായിട്ടും തെക്കേ ഇന്ത്യയിലെ തീരമേഖലകളില്‍ കനത്ത മഴ തുടരുകയാണ്. കാഞ്ചീപുരത്ത് പ്രളയ സാധ്യത കണക്കിലെടുത്ത് ആയിരകണക്കിന് പേരെ മാറ്റി പാര്‍പ്പിച്ചു. ബുധനാഴ്ച രാത്രി തുടങ്ങിയ മഴ ശക്തമായി തുടരുന്നു. ആന്ധ്രയിലെ ചിറ്റൂര്‍, കടപ്പ, നെല്ലൂര്‍ ജില്ലകളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. തീരമേഖലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.