ഉംപുന്‍ സൂപ്പര്‍ സൈക്ലോണാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപുന്‍ അതിശക്തമായ ചുഴലി കൊടുങ്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഉംപുന്‍ ഒരു സൂപ്പര്‍ സൈക്ലോണിക് കൊടുങ്കാറ്റായി മാറുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

110-120 കിലോ മീറ്ററാണ് കാറ്റിന്റെ വേഗം പ്രതീക്ഷിക്കുന്നത്. ഇത് പിന്നീട് 130 കിലോ മീറ്റര്‍ വേഗം കൈവരിക്കും.

മെയ് 20 ന് വൈകുന്നേരം പശ്ചിമ ബംഗാളിലെ ദിഖ ബംഗ്ലാദേശിലെ ഹതിയ ദ്വീപിനും ഇടയില്‍ മണിക്കൂറില്‍ 185 കിലോമീറ്റര്‍ മുകളില്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാനാണ് സാധ്യത. ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. കേരളത്തില്‍ മഴയും കാറ്റും തുടരും.

ഉംപുന്‍ ചുഴലിക്കാറ്റ് കൂടുതല്‍ തീവ്രമായി ബംഗാള്‍ തീരത്തേക്ക് നീങ്ങുകയാണ്. ഇപ്പോള്‍ ഒഡീഷയിലെ പാരദ്വീപില്‍ നിന്ന് 800 കി.മി. അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഉത്തര ഒഡീഷയിലും ബംഗാളിലെ 24 പര്‍ഗാനാസ്, കൊല്‍ക്കത്ത ജില്ലകള്‍ ഉള്‍പ്പെടെയുള്ള തീരദേശ മേഖലകളിലും നിന്നും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്.

സുരക്ഷാ നടപടികളുടെ ഭാഗമായി സേനയെ വിന്യസിച്ചു. ദേശീയ ദുരന്ത നിവാരണ സേന തങ്ങളുടെ 10 ടീമുകളെ ഒഡീഷയിലേക്കും ഏഴ് ടീമുകളെ പശ്ചിമ ബംഗാളിലേക്കും അയച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

Top