ഡല്‍ഹി: കരതൊട്ട ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞുവരുന്നതായി കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ചുഴലിയുടെ ശക്തി നന്നായി കുറയുന്നതിനൊപ്പം കാലവര്‍ഷം സജീവമാകുമെന്നാണു പ്രതീക്ഷയും നിരീക്ഷണവും. അനുകൂല ഘടകങ്ങള്‍ ഒത്തുവന്നാല്‍ അടുത്തദിവസം മഴ പെയ്തു തുടങ്ങുമെന്നാണ് ഇപ്പോഴത്തെ പൊതുനിഗമനം.
മഴക്കാറുകള്‍ രൂപപ്പെടുന്നുണ്ട്. അതിനാല്‍, 18 മുതല്‍ രണ്ടാഴ്ച തുടര്‍ച്ചയായി മോശമല്ലാത്ത മഴ ലഭിക്കുമെന്നുതന്നെ കണക്കുകൂട്ടുന്നു. സമുദ്രങ്ങളില്‍ നിലവില്‍ മര്‍ദങ്ങളൊന്നുമില്ലെങ്കിലും, സാധാരണരീതിയില്‍തന്നെ കാലവര്‍ഷം ശക്തിപ്പെടാനാണ് സാധ്യത. പിന്നീട് വീണ്ടുമൊരു ഇടവേളക്കുള്ള സാധ്യത തള്ളിക്കളയുന്നുമില്ല. കടലില്‍ ന്യൂനമര്‍ദമുണ്ടായാല്‍ മഴ ശക്തമാകുമെന്ന രീതി കുറച്ചുവര്‍ഷമായി കണ്ടുവരുന്നുണ്ട്. ഉഷ്ണജലപ്രവാഹമായ എല്‍നീനോയുടെ ശക്തമായ സ്വാധീനം കാലവര്‍ഷത്തെ കാര്യമായി സ്വാധീനിക്കുമെന്നാണ് നിഗമനം. ഇടവേളകള്‍ക്കുശേഷം അതിശക്ത മഴകള്‍ക്കുള്ള സാധ്യതയും വിദഗ്ധരില്‍ ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
16 മുതല്‍ 20 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗത്തില്‍ കാറ്റിനും 19നും 20നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കാലവര്‍ഷം ആദ്യം ജൂണ്‍ ഒന്നിനും പിന്നീട് നാലിനുമെത്തുമെന്ന പ്രവചനം ശരിയായില്ല. അഞ്ചിനുശേഷമാണ് മഴ ലഭിച്ചു തുടങ്ങിയത്. അതും കാലവര്‍ഷത്തിലെന്നപോലെ തുടര്‍ച്ചയായി കിട്ടിയതുമില്ല. പിന്നീടുള്ള ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ മഴ കുറവായി. ഈ സമയം അറബിക്കടലില്‍ ശക്തിപ്രാപിച്ചുവന്ന ചക്രവാതത്തിന്റെ സ്വാധീനത്തില്‍ കാലവര്‍ഷക്കാറ്റ് പെട്ടതോടെ കാലവര്‍ഷം ദുര്‍ബലമായി.
ചക്രവാതം ശക്തമായ ന്യൂനമര്‍ദവും ചുഴലിയുമായി രൂപപ്പെട്ടതോടെ മഴ ഏതാണ്ട് പിന്‍മാറി. പിന്നീട് ഇടിയും മിന്നലുമായി ഒറ്റപ്പെട്ട മഴകളാണ് ലഭിച്ചത്. ചുഴലി വലിച്ചെടുത്ത കാലവര്‍ഷക്കാറ്റ്, സാധാരണരീതിയില്‍ വഴിതിരിഞ്ഞുപോകാന്‍ സാധ്യതയില്ല. അത് മടങ്ങിയെത്തി പെയ്തു തീരുമെന്നാണ് വിലയിരുത്തല്‍.