ദില്ലി: ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് കരതൊട്ടു. ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് പൂര്‍ണമായും എത്താൻ ഒരു മണിക്കൂറോളം സമയം ഇനിയും എടുക്കും. ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി മേഖലയിൽ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. ഇന്ന് അർധരാത്രി വരെ ചുഴലിക്കാറ്റ് തീവ്രതയോടെ വീശും. ഇതുവരെ ഒരു ലക്ഷത്തോളം പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.
മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വേഗതയിലാണ് ബിപോർജോയ് ചുഴലിക്കാറ്റ് വീശിയടിക്കുന്നത്. കാറ്റഗറി മൂന്നിൽപെടുന്ന അതി തീവ്ര ചുഴലിക്കാറ്റായി എത്തുന്ന ബിപോർജോയുടെ സഞ്ചാരപാതയിൽ നിന്ന് ഒരു ലക്ഷം പേരെ ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. ഗുജറാത്തിന്റെ തീരാ മേഖലയിലെ എട്ടു ജില്ലകളിലെ 120 ഗ്രാമങ്ങളിൽ കാറ്റ് കനത്ത നാശമുണ്ടാക്കും എന്നാണ് മുന്നറിയിപ്പ്. മൂന്നു സൈനിക വിഭാഗങ്ങളും സർവ്വസജ്ജരായി നിലയുറപ്പിച്ചിട്ടുണ്ട്. ഭക്ഷണവും മരുന്നുമായി മൂന്നു കപ്പപ്പലുകൾ നാവികസേന ഒരുക്കി നിർത്തിയിട്ടുണ്ട്. ഗുജറാത്തിന്റെ തീരമേഖലയിൽ വ്യോമ, റെയിൽ, റോഡ് ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്.
ചുഴലിക്കാറ്റ് തീരം തൊടും മുൻപേ തന്നെ കാറ്റും കോളും കടൽക്ഷോഭവും കരയെ വിറപ്പിച്ചു. ആൾനാശം ഒഴിവാക്കാൻ അതീവജാഗ്രതയോടെ ഗുജറാത്തിൽ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. ഗുജറാത്തിലെ കച്ച്, ദേവ്ഭൂമി, ദ്വാരക, ജാംനഗർ മേഖലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ് ഇതുവരെ നൽകിയിരിക്കുന്നത്. പോർബന്ദർ, രാജ്കോട്ട്, മോർബി, ജുനഗഡ് മേഖലകളിൽ ശക്തമായ മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. ദിവസങ്ങൾ നീണ്ട വലിയ മുന്നൊരുക്കളാണ് കേന്ദ്രസർക്കാരിന്റെ മേൽനോട്ടത്തിൽ ഗുജറാത്തിൽ നടക്കുന്നത്.
ജീവഹാനി ഇല്ലാതാക്കുക എന്നതാണ് പരമപ്രധാനം. അതിനായി ഒരു ലക്ഷത്തിനടുത്ത് ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ഇതിൽ കച്ച് മേഖലയിലാണ് കൂടുതൽ ഒഴിപ്പിക്കൽ നടന്നത്. ഏതാണ്ട് അര ലക്ഷത്തിലധികം ആളുകളെ ഇവിടെ നിന്ന് മാത്രം മാറ്റിയിട്ടുണ്ട്. ഇവിടെ കർഫ്യു ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുഗതാഗതം നിരോധിച്ചു. ജനങ്ങൾ പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്. സൗരാഷ്ട്ര – കച്ച് മേഖലയിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രക്ഷാദൗത്യം മുന്നിൽ കണ്ട് കേന്ദ്രസേനകളെ വലിയ തോതിൽ വിന്യസിച്ചിരിക്കുന്നുണ്ട്. 15 എൻഡിആർഎഫ് സംഘം, 12 എസ്‌ഡിആർഎഫ് സംഘം. ഇത് കൂടാതെ സ്റ്റേറ്റ് റോഡ്സ് ആൻഡ് ബിൽഡിംഗ്, വൈദ്യുതി വിഭാഗങ്ങളിൽ നിന്നുള്ള സംഘങ്ങളും സർവസജ്ജമായി നിലയുറപ്പിച്ചിട്ടുണ്ട്.