ഫോനി പശ്ചിമബംഗാളിലേക്ക് അടുക്കുന്നു ; ഒഡിഷയില്‍ മരണം എട്ട് ആയി

കൊല്‍ക്കത്ത: ഒഡീഷയില്‍ വന്‍ നാശം വിതച്ച ഫോനി ചുഴലിക്കാറ്റ് പശ്ചിമബംഗാളിലേക്ക് അടുക്കുന്നു. മണിക്കൂറില്‍ 105 കിലോമീറ്റര്‍ വേഗത്തില്‍ പശ്ചിമ ബംഗാളിലെ വടക്ക് കിഴക്കന്‍ മേഖലയില്‍ ചുഴലിക്കാറ്റ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്.

മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ന് രാവിലെ എട്ട് വരെ കൊല്‍ക്കത്ത വിമാനത്താവളം അടച്ചിടും. പതിനായിരത്തോളം ഗ്രാമങ്ങളും അമ്പതിലധികം നഗരങ്ങളുമാണ് ഫോനി വീശിയടിക്കാന്‍ സാധ്യതയുള്ള മേഖലയിലുള്ളത്. ഫോനിയെ തുടര്‍ന്ന് പശ്ചിമ ബംഗാല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്റെ തെരഞ്ഞടെുപ്പ് റാലികള്‍ രണ്ട് ദിവസത്തേക്ക് പിന്‍വലിച്ചു.

പൊതുമേഖലാ എണ്ണക്കമ്പനിയായ ഒഎന്‍ജിസി തീരക്കടലിലുള്ള എണ്ണക്കിണറുകളില്‍ പണിയെടുക്കുന്ന 500 ജീവനക്കാരെ ഒഴിപ്പിച്ചു. വിനോദസഞ്ചാരികളോട് കൊല്‍ക്കത്ത വിടാന്‍ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒഡീഷാ തീരത്തുകൂടി കടന്നുപോകുന്ന ഇരുന്നൂറിലധികം തീവണ്ടികള്‍ റെയില്‍വേ റദ്ദാക്കിയിരിക്കുകയാണ്. വിശാഖപട്ടണത്തും ചെന്നൈ തീരത്തും കോസ്റ്റ് ഗാര്‍ഡ് നാല് കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്.

ഒഡീഷയില്‍ മാത്രം ചുഴലിക്കാറ്റിന്റെ കെടുതിയില്‍ മരിച്ചവരുടെ എണ്ണം എട്ടായി. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് ഫോനി ഒഡീഷാ തീരം തൊട്ടത്.
വ്യാപകമായി മരങ്ങള്‍ കടപുഴകുകയും കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഒഡീഷയുടെ പലഭാഗങ്ങളിലും രാത്രിയും കനത്ത മഴയും കാറ്റും തുടര്‍ന്നു. പുരിയിലെ വൈദ്യുതി, ടെലിഫോണ്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണാമായി തകരാറിലായതാണ് റിപ്പോര്‍ട്ടുകള്‍. വിവിധ സേനാവിഭാഗങ്ങളുടെ നേതൃത്വത്തില്‍ അവ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

20 വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ വീശിയടിച്ച ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് ഫോനി. ശനിയാഴ്ചയോടെ ബംഗാള്‍ തീരം കടന്ന് ബംഗ്ലാദേശിലേക്ക് ഫോനി കടക്കും. അപ്പോഴേയ്ക്കും കാറ്റിന്റെ വേഗത മണിക്കൂറില്‍ 80 കിലോമീറ്ററായിരിക്കുമെന്നാണ് മുന്നറിയിപ്പ്.

Top