ചെന്നൈ : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട് – പുതുച്ചേരി തീരങ്ങളിലേക്ക് അടുക്കുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ ഗജ തീരം തൊടുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ചെന്നൈയില്‍ ചുഴലിക്കാറ്റ് നേരിട്ടു ബാധിക്കില്ലെങ്കിലും നാളെ മുതല്‍ ശക്തമായ മഴയുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനു നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കാഞ്ചീപുരം, കടലൂര്‍, തഞ്ചാവൂര്‍, കാരക്കല്‍, നാഗപട്ടണം, തിരുവാരൂര്‍, പുതുച്ചേരി തുടങ്ങിയ തീരപ്രദേശങ്ങളിലേക്കാണു നിലവിലെ ഗതിയനുസരിച്ചു ഗജ നീങ്ങുന്നത്. ഗജ കരയോടടുക്കുമ്പോള്‍ മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെയായിരിക്കും വേഗത.