ഹമൂണ്‍ തീവ്രചുഴലിക്കാറ്റായി; ഏഴ് സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

ദില്ലി: വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘ഹമൂണ്‍’ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് വടക്ക് – വടക്കു കിഴക്ക് ദിശയിലേക്ക് നീങ്ങുകയാണ്. ഈ ബുധനാഴ്ച (ഒക്ടോബര്‍ 25) ഉച്ചയോടെ ചുഴലിക്കാറ്റ് ബംഗ്ലാദേശില്‍ ഖേപുപാറയ്ക്കും ചിറ്റഗോംഗിനുമിടയില്‍ കര തൊടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഏഴ് സംസ്ഥാനങ്ങളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒഡീഷ, പശ്ചിമ ബംഗാള്‍, മണിപ്പൂര്‍, ത്രിപുര, മിസോറാം, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.മത്സ്യത്തൊഴിലാളികളോട് ഒക്ടോബര്‍ 25 വരെ ബംഗാള്‍ ഉള്‍ക്കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കി. മത്സ്യത്തൊഴിലാളികളോട് ഒക്ടോബര്‍ 25 വരെ ഒഡീഷയുടെ കിഴക്ക്, പടിഞ്ഞാറന്‍, വടക്ക് മേഖലകളിലും ബംഗ്ലാദേശ് തീരങ്ങളിലും മ്യാന്‍മറിന്റെ വടക്കന്‍ തീരങ്ങളിലും കടക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പുലര്‍ച്ചെ 3 മണിയോടെയാണ് 18 കിലോമീറ്റര്‍ വേഗതയില്‍ ഹമൂണ്‍ ചുഴലിക്കാറ്റ് വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങിയത്. ചുഴലിക്കാറ്റ് ഇന്ന് രാവിലെ ആറ് മണിയോടെ ശക്തമായ ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ ഏജന്‍സിയുടെ ട്വീറ്റില്‍ പറയുന്നു. മണിപ്പൂര്‍, മിസോറാം, തെക്കന്‍ അസം, മേഘാലയ എന്നിവിടങ്ങളില്‍ ഇന്നും നാളെയും മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ഇന്ന് മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്.

ഈ വര്‍ഷത്തെ നാലാമത്തെയും ബംഗാള്‍ ഉള്‍ക്കടലിലെ രണ്ടാമത്തെയും ചുഴലിക്കാറ്റ് ആണ് ഹമൂണ്‍. ഇറാനാണ് ആ പേര് നിര്‍ദേശിച്ചത്. 2018 ഒക്ടോബറില്‍ സംഭവിച്ചത് 2023 ഒക്ടോബറിലും ആവര്‍ത്തിച്ചിരിക്കുകയാണ്. അന്ന് ലുബാന്‍, തിത്തലി എന്നിങ്ങനെ രണ്ട് ചുഴലിക്കാറ്റാണ് രൂപപ്പെട്ടത്. ഇപ്പോള്‍ അറബിക്കടലില്‍ തേജും ബംഗാള്‍ ഉള്‍ക്കടലില്‍ ഹമൂണ്‍ ചുഴലിക്കാറ്റുമാണ് രൂപംകൊണ്ടത്.

Top