ഫ്ലോറിഡ: ശക്തമായി വീശീയടിച്ച ഇര്‍മ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 38.
ഫ്ലോറിഡയില്‍ ഇര്‍മ കനത്ത നാശം വിതച്ചെങ്കിലും നിലവിൽ കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥ വിഭാഗം അറിയിച്ചിട്ടുണ്ട്.
പത്ത് പേരാണ് ക്യൂബയില്‍ മാത്രം മരിച്ചത്, കെട്ടിടങ്ങള്‍ തകര്‍ന്ന് വീണാണ് കൂടുതല്‍ മരണം.
ഫ്ലോറിഡയില്‍ പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശം ഇതുവരെ പിന്‍വലിച്ചിട്ടില്ല. പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഇര്‍മ ചുഴലിക്കാറ്റില്‍ ഫ്ലോറിഡയിലെ ആറര ലക്ഷത്തിലധികം വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും, റോഡ് മാര്‍ഗമുള്ള ഗതാഗതം തടസപ്പെടുകയും ചെയ്തു.
ഇതേതുടര്‍ന്ന്, രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ അടച്ചു. ഡെല്‍റ്റ എയര്‍ലൈന്‍സ് ഫ്ലോറിഡയിലേക്കുള്ള 800 ലധികം വിമാനസര്‍വീസുകള്‍ റദ്ദാക്കി.
മാത്രമല്ല, മിയാമിയില്‍ രാത്രി കാലങ്ങള്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുമുണ്ട്.
30 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങളാണ് ഫ്ലോറിഡയില്‍ ഉണ്ടായതെന്നാണ് അനൌദ്യോഗിക കണക്ക്. ആറ് ദശലക്ഷം പേരോട് മാറിതാമസിക്കാന്‍ ഫ്ലോറിഡ ഗവര്‍ണര്‍ നേരത്തെ ഉത്തരവിട്ടിരുന്നു.
ജനസംഖ്യ കൂടുതലുള്ള ടാംബ ബെയ് മേഖലയിലേക്കും ജോര്‍ജിയയിലേക്കുമാണ് ഇപ്പോള്‍ കാറ്റിന്റെ ഗതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.