തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മിതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവില്‍ തെക്കന്‍ രാജസ്ഥാന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദ സാധ്യതയുമുണ്ട് എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നലെ തെക്കന്‍ കേരളത്തില്‍ പലയിടത്തും ശക്തമായ മഴ ലഭിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ മാത്രം മൂന്ന് മണിക്കൂറില്‍ 111 മില്ലി മീറ്റര്‍ മഴ ലഭിച്ചെന്നാണ് കണക്ക്.
അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ മഴ പ്രതീക്ഷിക്കുന്നത്. അതേസമയം ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം കേരളത്തിലെ ഒരു ജില്ലയിലും ഇന്നോ നാളെയോ പ്രത്യേക അലെര്‍ട്ടുകളില്ല. നേരത്തെ ചില ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അവ പിന്‍വലിക്കുകയായിരുന്നു.
കേരള – കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്ന തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ മത്സ്യബന്ധനം പാടില്ലെന്നാണ് നിര്‍ദേശം.