തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് മുന്നറിയിപ്പ്. ആന്‍ഡമാന്‍ കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ഡിസംബര്‍ 3ന് ജവാദ് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത 12 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലിലെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം തുടര്‍ന്നുള്ള 48 മണിക്കൂറില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ച് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. ഇത് പിന്നീട് ജവാദ് ചുഴലിക്കാറ്റായി മാറുമെന്നാണ് നിഗമനം.
കഴിഞ്ഞ മാസം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുമെന്നു പ്രതീക്ഷിച്ചിരുന്ന ചുഴലിക്കാറ്റിന് ലഭിക്കേണ്ട പേരായിരുന്നു ജവാദ്. അവസാനനിമിഷം ന്യൂനമര്‍ദ്ദം ദുര്‍ബലമായതോടെ ചുഴലിക്കാറ്റ് രൂപമെടുത്തില്ല. ഇത്തവണയും ജവാദ് പിറക്കാതെ പോകാനുള്ള സാധ്യതകളുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.