ലുബാന്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ ഒരുങ്ങി ഒമാന്‍; തയ്യാറെടുപ്പോടെ വകുപ്പുകള്‍

മനാമ: അറബികടലില്‍ രൂപം കൊണ്ട ‘ലുബാന്‍’ ചുഴലികാറ്റിനെ നേരിടാന്‍ ഒമാന്‍ വിപുലമായ തയ്യാറെടുപ്പില്‍. യെമനോടൊപ്പം ഒമാനിലെ ദോഫര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളെ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. എല്ലാ വകുപ്പുകളും വേണ്ട തയ്യാറെടുപ്പ് നടത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചു.

സലാലിയില്‍ നിന്നും 830 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ്. മണിക്കൂറില്‍ 92 മുതല്‍ 101 കിലോമീറ്റര്‍ വരെ വേഗമുണ്ടെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ പബ്ലിക് അതോറിറ്റിയുടെ ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോര്‍ട്ടില്‍ പറഞ്ഞു. തിങ്കളാഴ്ച 74 കിലോമീറ്റര്‍ വരെയായിരുന്നു വേഗമെങ്കില്‍ ചൊവ്വാഴ്ച കൂടയ വേഗം മണിക്കൂറില്‍ നൂറു കിലോമീറ്ററും കടന്നു.അടിയന്തിര സര്‍വീസുകളെ വിന്യസിച്ചതായി സിവില്‍ ഡിഫന്‍സ് ദേശീയ സമിതി ഡയറക്ടര്‍ ഫൈസല്‍ അല്‍ ഹജ്രി അറിയിച്ചു.

ഭക്ഷണവും വെള്ളവും സംഭരിക്കാനാണ് ഇത്തവണ മുന്‍ഗണ നല്‍കുന്നത്.എന്നാല്‍ ജനങ്ങളെ ഒഴിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ല.സലാല വിമാനതാവളത്തിലും തുറമുഖത്തും ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇപ്പോഴത്തെ കാറ്റിന്റെ ഗതി നോക്കിയാല്‍ ഒമാന്‍ തീരങ്ങളിലൂടെ കടന്നു പോകാതെ ഏദന്‍ കടലിടുക്ക് വഴി പടിഞ്ഞാറോട്ട് നീങ്ങാന്‍ സാധ്യതയുണ്ട്. ചുഴലിക്കാറ്റ് അടുക്കാന്‍ തുടങ്ങിതോടെ ഒമാന്‍, യെമന്‍ തീരങ്ങളില്‍ ആകാശം മേഘാവൃതമാകകാന്‍ തുടങ്ങി. യെമനില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും ലുബാന്‍ അനുഭവപ്പെട്ടേക്കും. സോമാലിയായിലും കനത്ത മഴയും കടല്‍ ക്ഷോഭവും അനുഭവപ്പെടുമെന്നും കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി.

Top