ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാപക നാശം വിതച്ച ഗജ ചുഴലിക്കാറ്റില്‍ മരണം ആറ് ആയി. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കൊടുങ്കാറ്റ് വീശിയത്. നാഗപട്ടണം വേദാരണ്യത്ത് നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്.
മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് 81,000ല്‍ അധികം പേരെ ഇതിനകം തന്നെ ഒഴിപ്പിച്ചിട്ടുണ്ട്. ആറു ജില്ലകളിലായി 300 ഓളം ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. നാഗപട്ടണം, പുതുകോട്ട, രാമനാഥപുരം, തിരുവാരുര്‍ തുടങ്ങിയ ജില്ലകളിലാണ് ക്യാംപുകള്‍ തുറന്നിരിക്കുന്നത്. നാഗപട്ടണത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്.
ചുഴലിക്കാറ്റ് തീരം തൊടുന്നതോടെ നാഗപട്ടണം, കടലൂര്‍, തഞ്ചാവൂര്‍, തൂത്തുക്കുടി, പുതുക്കോട്ട എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്യുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍കരുതലെന്ന നിലയില്‍ നാഗപട്ടണത്ത് വൈദ്യുത ബന്ധം വിച്ഛേദിച്ചു. ചെന്നൈയില്‍ നിന്നു പുറപ്പെടേണ്ട നിരവധി ട്രെയിനുകള്‍ റദ്ദാക്കി.