മിഷോങ് ചുഴലിക്കാറ്റ്; അതീവജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന ചെന്നൈയില്‍, മുതല റോഡിലിറങ്ങിയതായി പ്രചാരണം

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുന്ന സാഹചര്യത്തില്‍ അതീവജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന ചെന്നൈയില്‍, മുതല റോഡിലിറങ്ങിയതായി പ്രചാരണം. നേര്‍ക്കുന്‍ട്രം വിഐടിക്കു സമീപമാണ് മുതലയെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാഹനങ്ങള്‍ ഓടുന്ന റോഡിലൂടെ ഒരു മുതല മറുവശത്തേക്കു പോകുന്നതാണ് വിഡിയോയിലുള്ളത്. കാറില്‍നിന്ന് ആരോ പകര്‍ത്തിയ ദൃശ്യമാണിത്. ഈ സമയത്ത് ഒരു ബൈക്ക് മുതലയുടെ സമീപത്തുകൂടി പോകുന്നതും കാണാം.

മഹാബലിപുരം ബീച്ചില്‍ കടല്‍നിരപ്പ് അഞ്ച് അടിയോളം ഉയര്‍ന്നു. പുതുച്ചേരി ബീച്ച് റോഡില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ചെന്നൈ ഉള്‍പ്പെടെ ആറു ജില്ലകളില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സബ്വേകളും അടിപ്പാലങ്ങളും വെള്ളത്തില്‍ മുങ്ങി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരങ്ങള്‍ കടപുഴകി. പലയിടങ്ങളിലും വൈദ്യുതിയും നിലച്ചു.

വടപളനി, താംബരം ഉള്‍പ്പെടെ മിക്കയിടങ്ങളിലും വീടുകളില്‍ വെള്ളം കയറി. കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നെടുങ്കുന്‍ട്രം നദി കരകവിഞ്ഞു. ഇതേത്തുടര്‍ന്ന് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. വെള്ളക്കെട്ടുകളില്‍ ഇറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്.കനത്ത മഴയെത്തുടര്‍ന്ന് ചെന്നൈ നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ, ജനജീവിതം താറുമാറായി.

 

Top