‘നിസര്‍ഗ’ മുംബൈ തീരത്തെത്തി; അലിബാഗില്‍ കടല്‍ക്ഷോഭവും പേമാരിയും

മുംബൈ: തീവ്രചുഴലിയായി മാറിയ ‘നിസര്‍ഗ’ മുംബൈ തീരത്തെത്തി. മുംബൈയില്‍ നിന്നു 100 കിലോമീറ്റര്‍ അകലെ അലിബാഗിലാണ് കര തൊട്ടത്.അലിബാഗില്‍ കടല്‍ക്ഷോഭവും ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്.മുംബൈയില്‍ ഉയര്‍ന്ന തിരമാലയും കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്.

മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ്കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രണ്ടാഴ്ചയ്ക്കിടെ ഇന്ത്യയില്‍ ആഞ്ഞടിക്കുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് നിസര്‍ഗ. ഒരു നൂറ്റാണ്ട് കാലത്ത് മുംബൈ നഗരത്തില്‍ ആഞ്ഞടിക്കുന്ന ആദ്യത്തെ ചുഴലിക്കാറ്റും. 129 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചുഴലിക്കാറ്റ് മുംബൈ തീരത്തേക്ക് എത്തുന്നത്.മുംബൈ നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.കൊവിഡ് മഹാമാരിയായി പടരുന്നതിനിടെയാണ് മുംബൈയില്‍ ചുഴലിക്കാറ്റും ആഞ്ഞടിക്കുന്നത് എന്നതാണ് ആശങ്കയേറ്റുന്നത്.

കേരളത്തില്‍ പരക്കെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.മുംബൈ, താനെ, റായ്ഗഢ് എന്നീ ജില്ലകളിലെ തീരമേഖലകളില്‍, സാധാരണയിലേക്കാള്‍, രണ്ട് മീറ്ററെങ്കിലും ഉയരത്തില്‍ തിരകള്‍ ആഞ്ഞടിക്കാനാണ് സാധ്യത.

മഹാരാഷ്ട്രയുടെയും ഗുജറാത്തിന്റെയും തീരപ്രദേശങ്ങളില്‍നിന്നു പതിനായിരക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. മഹാരാഷ്ട്രിയില്‍നിന്ന് 40,000ല്‍ അധികം ആളുകളെ മാറ്റി പാര്‍പ്പിച്ചെന്നാണ് ദുരന്ത നിവാരണ സേന അധികൃതര്‍ അറിയിച്ചത്.

മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലായി 30 ദേശീയദുരന്തപ്രതികരണസേനാ സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. 45 പേരാണ് ഒരു എന്‍ഡിആര്‍എഫ് സംഘത്തിലുള്ളത്. ഗുജറാത്ത് അഞ്ച് സംഘങ്ങളെക്കൂടി നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Top