ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘ഫെതായ് ‘ ചുഴലിക്കാറ്റ് തിങ്കളാഴ്ച ആന്ധ്ര തീരത്ത് വീശും. കാറ്റ് മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ വേഗത്തിലാണ് വീശുക. 100 കിലോമീറ്റര്‍വരെ വേഗം കൈവരിക്കാന്‍ സാധ്യതയുണ്ടെന്നും 24 മണിക്കൂറിനുള്ളില്‍ കരുത്താര്‍ജിച്ച് ആന്ധ്ര തീരത്തോട് അടുക്കുമെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.
45-55 കിലോമീറ്റര്‍ വേഗത്തില്‍ തമിഴ്‌നാടിന്റെ വടക്കന്‍ തീരപ്രദേശങ്ങളിലും പുതുച്ചേരിയിലും ശക്തമായ കാറ്റുവീശുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് തടഞ്ഞിട്ടുണ്ട്. ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി, വിശാഖപട്ടണം, കൃഷ്ണ, ഗുണ്ടൂര്‍ ജില്ലകളിലും പുതുച്ചേരിയുടെ ഭാഗമായ യാനം മേഖലയിലും കടല്‍ ഒരുമീറ്ററോളം കരയിലേക്ക് കയറാന്‍ സാധ്യതയുണ്ട്.