ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘ഫെതായ് ‘ചുഴലിക്കാറ്റ് ആന്ധ്രാതീരത്തേക്ക് ആഞ്ഞടിച്ചു തുടങ്ങി. ചുഴലിക്കാറ്റില്‍ മണ്ണിടിച്ചിലും ശക്തമായി. വിജയവാഡയിലുണ്ടായ അതിശക്തമായ മഴയില്‍ ഒരാള്‍ മരിച്ചു. വിശാഖപട്ടണത്തും സമീപപ്രദേശങ്ങളിലുമായി നിരവധി മരങ്ങള്‍ കടപുഴകി വീണു. കിഴക്കന്‍ ഗോദാവരി ജില്ലയില്‍ അതിശക്തമായ നാശനഷ്ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ചുഴലിക്കാറ്റിനെ തുടര്‍ന്നു ആന്ധ്രയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ 50 ട്രെയിനുകള്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വേ റദ്ദാക്കി. സുരക്ഷാ നടപടികളുടെ ഭാഗമായാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. ആന്ധ്രയിലെ 350 ഗ്രാമങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. നൂറോളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുകയും ചെയ്തു.
ആന്ധ്രയില്‍ കാറ്റ് മണിക്കൂറില്‍ 8090 കിലോമീറ്റര്‍ വേഗത്തിലാണ് വീശുക. 100 കിലോമീറ്റര്‍വരെ വേഗം കൈവരിക്കാന്‍ സാധ്യതയുണ്ടെന്നും 24 മണിക്കൂറിനുള്ളില്‍ കരുത്താര്‍ജിച്ച് ആന്ധ്ര തീരത്തോട് അടുക്കുമെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു. 45-55 കിലോമീറ്റര്‍ വേഗത്തില്‍ തമിഴ്‌നാടിന്റെ വടക്കന്‍ തീരപ്രദേശങ്ങളിലും പുതുച്ചേരിയിലും ശക്തമായ കാറ്റുവീശുമെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് തടഞ്ഞിട്ടുണ്ട്. ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി, വിശാഖപട്ടണം, കൃഷ്ണ, ഗുണ്ടൂര്‍ ജില്ലകളിലും പുതുച്ചേരിയുടെ ഭാഗമായ യാനം മേഖലയിലും കടല്‍ ഒരുമീറ്ററോളം കരയിലേക്ക് കയറാന്‍ സാധ്യതയുണ്ട്.
ആന്ധ്രാ തീരത്ത് മത്സ്യബന്ധനം നിരോധിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയാണ് ഇക്കാര്യം അറിയിച്ചത്. തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തമിഴ്‌നാടിന്റെ വടക്ക് തീരങ്ങളിലും, പുതുച്ചേരി തീരങ്ങളിലും ,ആന്ധ്രാപ്രദേശ് തീരങ്ങളിലും, ഒറിസയുടെ തെക്കന്‍ തീരങ്ങളിലും ഇന്ന് മത്സ്യബന്ധനത്തിനു പോകരുതെന്നാണ് അറിയിച്ചിരിക്കുന്നത്.