‘വായു’ ഗുജറാത്തില്‍ ആഞ്ഞടിക്കില്ല; ഗതിമാറുന്നു എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അഹമ്മദാബാദ്: വായു ചുഴലിക്കാറ്റിന്റെ സഞ്ചാപ പാതയില്‍ വ്യതിയാനം സംഭവിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നേരത്തെ, ഗുജറാത്ത് തീരത്ത് ആഞ്ഞടിക്കുമെന്നു പ്രവചിച്ചിരുന്ന വായു ചുഴലിക്കാറ്റ് വടക്കു പടിഞ്ഞാറന്‍ ദിശയിലേക്ക് മാറിപ്പോകുന്നതായാണ് ഏജന്‍സിയുടെ നിരീക്ഷണം. ഗുജറാത്ത് തീരത്ത് അടിക്കുമെങ്കിലും നേരത്തെ കണക്കാക്കിയ ആഘാതത്തില്‍ ആഞ്ഞുവീശില്ല.

വടക്ക് പടിഞ്ഞാറ് ഭാഗത്തേക്കാണ് ചുഴലിക്കാറ്റിന്റെ ഗതി നേരിയ തോതില്‍ മാറിയിരിക്കുന്നത്. ഒമാന്‍ തീരത്തിന് സമീപത്തേക്കാണ് വായു ഗതി മാറിയിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ ഭീതി ഒഴിഞ്ഞെങ്കിലും ഗുജറാത്തിന്റെ തീരപ്രദേശങ്ങളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. മാത്രമല്ല കടല്‍ക്ഷോഭം ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.

കാറ്റ് ഗതിമാറിയെങ്കിലും എങ്കിലും തീരദേശത്ത് കനത്ത ജാഗ്രതയും മുന്നൊരുക്കങ്ങളും തുടരും. ചുഴലിക്കാറ്റ് നേരിടുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സൗരാഷ്ട്രയിലെയും കച്ചിലെയും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് മൂന്നു ലക്ഷം പേരെ ഒഴിപ്പിച്ചിരുന്നു.

പുതിയ അറിയിപ്പ് പ്രകാരം, വെരാവലിനും ദ്വാരകയ്ക്കും ഇടയില്‍ ഏതു തീരത്തും വായു ചുഴലിക്കാറ്റ് ചെന്നെത്താം. ഇന്നുച്ചയോടെ എത്തുന്ന കാറ്റിന് പക്ഷെ, മുന്‍പ് പ്രവചിച്ച ശക്തിയുണ്ടാവില്ല.

Top