CYRIAC JOSEP-center for advanced legal studies and research function inguration

തിരുവനന്തപുരം: രാജ്യസ്‌നേഹം ഒരുസമുദായത്തിന്റെയും കുത്തകയല്ലെന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍ അംഗം ജസ്റ്റിസ് സിറിയക് ജോസഫ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി വിയര്‍പ്പൊഴുക്കിയവരില്‍ നാനാജാതി മതസ്ഥരുണ്ട്. എല്ലാവര്‍ക്കും തുല്യത കല്‍പ്പിക്കുന്ന ഭരണഘടനയാണ് നമ്മുടേത്.

ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തില്‍ ജനിച്ചതുകൊണ്ട് മാത്രം അവര്‍ ദേശവിരുദ്ധരാകില്ലെന്നും അദ്ദേഹം പഞ്ഞു. കേരള ലാ അകാദമി ലോ കോളേജ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ‘ഡെമോക്രസി, ടോളറന്‍സ് ആന്റ് ഹ്യൂമണ്‍ റൈറ്റ്‌സ്’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സിറിയക് ജോസഫ്.

രാജ്യദ്രോഹകുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരില്‍ അധികവും ഹിന്ദുക്കളാണെന്ന് 1951 മുതലുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. വധശിക്ഷയെ എതിര്‍ക്കുന്നത് രാജ്യദ്രോഹമല്ല. നിയമവിദഗ്ദ്ധര്‍ക്ക് വധശിക്ഷയെ എതിര്‍ക്കാമെങ്കില്‍ വിദ്യാര്‍ഥികള്‍ക്കുമാകാം. ഒരു വ്യക്തിക്ക് സമൂഹത്തില്‍ തലഉയര്‍ത്തി അഭിമാനത്തോടെ ജീവിക്കാന്‍ പറ്റുന്നിടത്താണ് മനുഷ്യാവകാശം സാര്‍ഥകമാകുന്നത്. ഇന്ന് മനുഷ്യാവകാശത്തെകുറിച്ച് വാചാലരാകുന്നവരില്‍ പലര്‍ക്കും അതെന്തെന്ന് പോലുമറിയില്ല. ഈ അവസ്ഥ മാറണം. മനുഷ്യാവകാശത്തോടൊപ്പം ശുദ്ധമായ കുടിവെള്ളത്തെ കുറിച്ചും വൃത്തിയുള്ള വാസസ്ഥലത്തെകുറിച്ചും സംസാരിക്കണം. ഇക്കാര്യങ്ങളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കേണ്ടത് സാമൂഹ്യപുരോഗതിക്ക് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Top