മുംബൈ: ടാറ്റ സണ്‍സിന്റെ മുന്‍ ചെയര്‍മാനായിരുന്ന സൈറസ് മിസ്ത്രി ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവച്ചു. കോടതി വഴി ഏറ്റുമുട്ടാനാണ് മിസ്ത്രിയുടെ നീക്കം.
ടാറ്റ ഗ്രൂപ്പില്‍ പെട്ട അഞ്ച് കമ്പനികളുടെ ഓഹരി ഉടമകളുടെ അസാധാരണ പൊതുയോഗം വരും ദിവസങ്ങളില്‍ ചേരാനിരിക്കെയാണ് അദ്ദേഹം സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്.
ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കുന്നത് ചര്‍ച്ച ചെയ്യാനാണ് ഓഹരി ഉടമകളുടെ യോഗം വിളിച്ചിരിക്കുന്നത്.
ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ഇന്ത്യന്‍ ഹോട്ടല്‍സ്, ടാറ്റ പവര്‍, ടാറ്റ കെമിക്കല്‍സ് എന്നീ കമ്പനികളുടെ പൊതുയോഗമാണ് വരും ദിവസങ്ങളില്‍ ചേരുന്നത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടി.സി.എസ്.) ഓഹരി ഉടമകളുടെ യോഗം നേരത്തെ തന്നെ ചേര്‍ന്ന് അദ്ദേഹത്തെ പുറത്താക്കാന്‍ തീരുമാനിച്ചിരുന്നു.
ടാറ്റ ഗ്രൂപ്പ് കമ്പനികളില്‍ നിന്ന് രാജിവച്ച്, പുറത്തുനിന്ന് നിയമ പോരാട്ടം നയിക്കാനാണ് സൈറസ് മിസ്ത്രിയുടെ പദ്ധതി. ഇക്കഴിഞ്ഞ ഒക്ടോബര്‍ 24നാണ് ടാറ്റ ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചേര്‍ന്ന് സൈറസ് മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് അപ്രതീക്ഷിതമായി നീക്കിയത്.
പുതിയ മേധാവിയെ കണ്ടെത്തുന്നതുവരെ രത്തന്‍ ടാറ്റ ഇടക്കാല ചെയര്‍മാനായി എത്തുകയും ചെയ്തു.
തന്നെ അന്യായമായി പുറത്താക്കിയിട്ട് എട്ട് ആഴ്ചയായെന്നും പുറത്താക്കലിനുള്ള കാരണം ഇത്ര നാളായിട്ടും രത്തന്‍ ടാറ്റ വ്യക്തമാക്കിയിട്ടില്ലെന്നും സൈറസ് മിസ്ത്രി പറഞ്ഞു.
ടാറ്റ ഗ്രൂപ്പ് കമ്പനികളിലെ സുതാര്യതയില്ലാത്ത ഇടപാടുകള്‍ ചോദ്യം ചെയ്തതാണ് തനിക്ക് തിരിച്ചടിയായത്. ഗ്രൂപ്പിനുള്ളില്‍ നിന്ന് തന്നെ പോരാടാനായിരുന്നു ആദ്യം അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍, പുറത്തിറങ്ങി പൊരുതാനാണ് ഇപ്പോഴത്തെ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
ടാറ്റ ഗ്രൂപ്പിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പോരാടുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. ടാറ്റ ഗ്രൂപ്പിലെ ഏറ്റവും വലിയ ഓഹരി ഉടമയാണ് പല്ലോഞ്ജി മിസ്ത്രിയുടെ മകനാണ് സൈറസ്.
2012ലാണ് സൈറസ് മിസ്ത്രി ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തെത്തിയത്.