ടാറ്റാ സണ്‍സ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പദവിയില്‍ സൈറസ് മിസ്ത്രിയെ തിരികെ പ്രതിഷ്ഠിച്ച് നാഷണല്‍ കമ്പനി ലോ അപ്പല്ലേറ്റ് ട്രിബ്യൂണല്‍. മിസ്ത്രിയുടെ പിന്‍ഗാമിയായി എന്‍ ചന്ദ്രശേഖരനെ നിയോഗിച്ച നടപടി നിയമവിരുദ്ധമാണെന്നും ട്രിബ്യൂണല്‍ വിധിച്ചു.
2016 ഒക്ടോബറിലാണ് ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ധനികമായ ഷപൂര്‍ജി പല്ലോണ്‍ജി കുടുംബാംഗമായ സൈറസ് മിസ്ത്രിയെ നീക്കിയത്. ടാറ്റയുടെ ആറാമത് ചെയര്‍മാനായിരുന്ന അദ്ദേഹം 2012ല്‍ രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായാണ് ഈ പദവിയിലെത്തിയത്. ഇതിന് ശേഷം ടാറ്റ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്ത് നിന്നും മിസ്ത്രിയെ നീക്കിയിരുന്നു.
ഇതിന് ശേഷം ടാറ്റ സണ്‍സും, മിസ്ത്രിയും തമ്മില്‍ കടുത്ത നിയമപോരാട്ടം ആരംഭിച്ചു. ചെറുകിട ഷെയര്‍ഹോള്‍ഡര്‍മാരുടെ അഭിപ്രായങ്ങള്‍ അടിച്ചമര്‍ത്തുന്നതായും, കെടുകാര്യസ്ഥതയും ചൂണ്ടിക്കാണിച്ച മിസ്ത്രിയുടെ കുടുംബത്തിന് ടാറ്റ സണ്‍സില്‍ 18 ശതമാനം ഓഹരിയുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ ടാറ്റ നിഷേധിച്ചു.
സൈറസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റെര്‍ലിംഗ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് കോര്‍പ് എന്നീ സ്ഥാപനങ്ങള്‍ സൈറസ് മിസ്ത്രിയെ നീക്കം ചെയ്തതിന് എതിരെ ട്രിബ്യൂണലില്‍ നല്‍കിയ പരാതി നേരത്തെ തള്ളിയിരുന്നു. ഇതിന് ശേഷമാണ് മിസ്ത്രി നേരിട്ട് പരാതി നല്‍കിയത്. നാല് ആഴ്ചയ്ക്കുള്ളില്‍ വിധിക്കെതിരെ ടാറ്റ സണ്‍സിന് അപ്പീല്‍ പോകാം.