ന്യൂഡല്‍ഹി: വര്‍ഗീയ കലാപങ്ങളുണ്ടാക്കി ബി.ജെ.പി -ആര്‍.എസ്.എസ് നേതാക്കളെ കൊലപ്പെടുത്താന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി പദ്ധതി തയ്യാറാക്കിയതായി എന്‍.ഐ.എ.
2015 ല്‍ ഗുജറാത്ത് ബറുചില്‍ രണ്ട് ബി.ജെ.പി നേതാക്കളുടെ കൊലപാതകത്തെക്കുറിച്ചുള്ള എന്‍.ഐ.എ അന്വേഷണത്തിലാണ് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി നടത്തിയ ഗൂഢാലോചനയുടെ വിവരങ്ങള്‍ ലഭിച്ചത്.
ക്രിസ്ത്യന്‍ പള്ളികളിലേക്ക് മദ്യക്കുപ്പിയും പെട്രോള്‍ ബോംബും എറിഞ്ഞ് സംഘര്‍ഷമുണ്ടാക്കി ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി നേതാക്കളെ കൊലപ്പെടുത്താനാണ് പദ്ധതി. ഇതിനായി യുവാക്കളെ പണവും വിദേശത്ത് നല്ല ജോലിയും വാഗ്ദാനം ചെയ്ത് റിക്രൂട്ട് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇതിനായി കറാച്ചിയിലും ദക്ഷിണാഫ്രിക്കയിലുമാണ് ദാവൂദിന്റെ ഡി കമ്പനി ഗൂഢാലോചന നടത്തിയത്.
ഗുജറാത്ത് ബറുചിലെ മുന്‍ ബി.ജെ.പി പ്രസിഡന്റും മുതിര്‍ന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ ശിരിഷ് ബംഗാളി, യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പ്രഗ്‌നേഷ് മിസ്ത്രി എന്നിവര്‍ 2015 നവംബര്‍ രണ്ടിനാണ് രണ്ട് അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്. ഈ കൊലപാതകക്കേസിന്റെ അന്വേഷണത്തിലാണ് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളെ കൊലപ്പെടുത്താന്‍ നടത്തിയ ഗൂഢാലോചനയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം എന്‍.ഐ.എക്കു ലഭിച്ചത്.
2002ലെ ഗുജറാത്ത് കലാപത്തില്‍ ആരോപണ വിധേയരായവരാണ് കൊല്ലപ്പെട്ട നേതാക്കള്‍. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുസ്‌ലിം വിരുദ്ധരായ ഇവരെ കൊല്ലാനും യുവാക്കള്‍ക്ക് പണവും വിദേശത്ത് ജോലിയും ഡി കമ്പനി വാഗ്ദാനം ചെയ്തതായി എന്‍.ഐ.എ വ്യക്തമാക്കിയിട്ടുണ്ട്.
ഈ കേസില്‍ 12 പേരെയാണ് യു.എ.പി.എ ചുമത്തി എന്‍.ഐ.എ അറസ്റ്റു ചെയ്തത്. ഇവരോട് ഇത്തരത്തില്‍ കൊല്ലപ്പെടേണ്ട ഹിന്ദു നേതാക്കളുടെ ലിസ്റ്റ് തയ്യാറാക്കാനും ഡി കമ്പനി ആവശ്യപ്പെട്ടിരുന്നു.