ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ ഡല്‍ഹി കോടതി സെപ്റ്റംബര്‍ 13 വരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു.
14 ദിവസത്തെ റിമാൻഡായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 9 ദിവസത്തേക്കാണ് ഇപ്പോൾ പ്രത്യേക സിബിഐ കോടതി ശിവകുമാറിനെ റിമാൻഡ് ചെയ്തിരിക്കുന്നത്.
നെഞ്ചുവേദനയെ തുടര്‍ന്ന് ആര്‍എംഎല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ശിവകുമാറിനെ വൈകുന്നേരത്തോടെയാണ് തീസ് ഹസാരിയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയത്.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ (പിഎംഎല്‍എ) നിയമ പ്രകാരം കേസെടുത്ത് നാലു ദിവസമായി നടത്തിയ ചോദ്യം ചെയ്യലിനു ശേഷമാണ് ഡി.കെ. ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച രാത്രിയില്‍ അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
ആരോഗ്യനിലയില്‍ പ്രശ്നങ്ങളുണ്ടെന്നു കണ്ടെത്തിയതിനു പിന്നാലെ ശിവകുമാറിനെ കൊറോണറി കെയര്‍ യൂണിറ്റിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ആശുപത്രിയില്‍ എത്തിയെങ്കിലും കാണാന്‍ പോലീസ് അനുവദിച്ചില്ല. ശിവകുമാറിനു മാനുഷിക പരിഗണന നല്‍കുന്നില്ലെന്നു വേണുഗോപാല്‍ ആരോപിച്ചു.